- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്തവർ അവസാന നിമിഷം പിന്മാറി; സ്വപ്നം പാതി വഴിയിലായ നിർദ്ധന യുവതിക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി; നേരിട്ടെത്തി സമ്മാനിച്ചത് കല്യാണ സാരിയും വിവാഹത്തിനാവശ്യമായ തുകയും
ഏറ്റുമാനൂർ: സാമ്പത്തീക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപനം പാതിവഴിയിലായ യുവതിക്ക് സഹായവുമായി സുരേഷ് ഗോപി എം പി.യുവതിയുടെ നിസഹായാവസ്ഥ തിരിച്ചറിഞ്ഞ സുരേഷ് ഗോപി നേരിട്ടെത്തി യുവതിക്കാവശ്യമായ കല്യാണ സാരിയും നടത്തിപ്പിനാവശ്യമായ തുകയും കൈമാറി.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തത് കാരണം ഇടുക്കി ദേവികുളം ഹൈസ്കൂളിനു സമീപം പിഡബ്ല്യുഡി ഉപേക്ഷിച്ച ഷെഡിലാണ് യുവതിയും അമ്മയും താമസിച്ചുവരുന്നത്.പിതാവ് 21 വർഷം മുൻപ് മരിച്ചതാണ്. അമ്മ താൽക്കാലിക ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ രണ്ട് വർഷമായി അമ്മയ്ക്കു ജോലിയും നഷ്ടപ്പെട്ടു.
ഇതോടെ ഇരവരുടെയും ജീവിതത്തോടൊപ്പം സെപ്റ്റംബർ 9 ന് നടത്താൻ നിശ്ചയിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹവും പ്രതിസന്ധിയിലായി.കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു സംഘം നേരത്തെ എത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.ഈ സമയത്ത് കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ ദേവികുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സിന്ധു പുരുഷോത്തമനും, എസ്ഐ അശോകനും സുരേഷ് ഗോപി എംപിയെ ഫോണിൽ ബന്ധപ്പെട്ട്
വിഷയം ധരിപ്പിച്ചു.
തനിക്ക് സാധ്യമായത് ചെയ്യാമെന്ന് ഉറപ്പ് നൽകിയ സുരേഷ് ഗോപി ബിജെപി ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള വിശദവിവരങ്ങൾ മനസിലാക്കി.തുടർന്ന് കഴിഞ്ഞ ദിവസം അടൂരിൽ നിന്നു എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ഈ സമയം യുവതി ഇവിടെ എത്താൻ ഇടുക്കി ബിജെപി നേതൃത്വത്തിനോട് സുരേഷ് ഗോപി നിർദേശിച്ചിരുന്നു. ക്ഷേത്ര മൈതാനത്തു വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറി.
ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് കെ.എസ്.അജി, ജില്ല ജനറൽ സെക്രട്ടറി വി.എൻ.സുരേഷ്, ജില്ല സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആർ. സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അശോകൻ, സിന്ധു പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാത്ത കുട്ടിക്ക് എംപി തന്നെ നേരിട്ടെത്തി ഫോൺ നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ