- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സല്യൂട്ട് വിവാദത്തിൽ അസോസിയേഷൻ നേതാക്കൾ പുലിവാലു പിടിക്കും; പൊലീസ് മാനുവൽ അടക്കം പാർലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പിലെത്തിക്കാൻ തീരുമാനിച്ച് സുരേഷ് ഗോപി; നിയമസഭാ പെറ്റിഷൻ കമ്മറ്റിക്ക് പരാതി നൽകില്ല; ചാനൽ ചർച്ചകളിൽ അസോസിയേഷൻ നേതാക്കളെത്തിയത് എങ്ങനെ? ആക്ഷൻ ഹീറോ രണ്ടും കൽപ്പിച്ച് പോരാട്ടത്തിന്
തിരുവനന്തപുരം: സല്യൂട്ട് വിവാദം പാർലമെന്റിലെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പാകെ എത്തും. സല്യൂട്ട് ചെയ്യാത്ത ഉദ്യോഗസ്ഥനെ അല്ല മറിച്ച് ചാനൽ ചർച്ചകളിൽ എത്തി രാജ്യസഭാ അംഗത്തെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥരെയാകും പാർലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പിൽ പ്രതിയായി സുരേഷ് ഗോപി കൊണ്ടു വരിക. വിവിധ ചാനലുകളിൽ പൊലീസ് അസോസിയേഷന്റെ പേരിൽ എത്തിയ ഭാരവാഹികളുടെ വിവരങ്ങളും വീഡിയോയും സുരേഷ് ഗോപി ശേഖരിക്കുന്നുണ്ട്. പൊലീസ് മാനുവലിലെ ചർച്ച രാജ്യസഭയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്ന വിലയിരുത്തൽ സജീവമാണ്.
നിയമസഭയുടെ പെറ്റീഷൻ കമ്മറ്റിക്ക് മുമ്പിലും ഈ വിഷയം സുരേഷ് ഗോപിക്ക് പരാതിയായി നൽകാം. ഇവിടെ സല്യൂട്ട് ചെയ്യാൻ മടിച്ച പൊലീസുകാരനെതിരേയേ പരാതി കൊടുക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് വിഷയം പാർലമെന്റിന് മുമ്പിലെത്തിച്ച് പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നീങ്ങാനുള്ള തീരുമാനം. ഡിജിപിയുടെ അനുമതിയോടെയാണോ ഇവർ ചർച്ചയ്‌ക്കെത്തിയതെന്നും പരിശോധിക്കും. പാർലമെന്റിന്റെ സമിതിക്കുള്ള വിപുലമായ അധികാരങ്ങൾ മനസ്സിലാക്കിയാണ് ഈ നീക്കം. പൊലീസുകാരനോട് നിർബന്ധപൂർവ്വം സല്യൂട്ട് ചോദിച്ചിട്ടില്ലെന്നും 15 മിനിറ്റ് നേരെ ജീപ്പിൽ ഇരുന്ന ഉദ്യോഗസ്ഥനോട് അതിന്റെ പ്രശ്‌നങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു.
സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കെ.ബി.ഗണേശ്‌കുമാർ എംഎൽഎ രംഗത്ത് വന്നിരുന്നു. പാർലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണമെന്ന് കെ.ബി ഗണേശ്‌കുമാർ പറഞ്ഞു. സല്യൂട്ട് ചെയ്യുന്നതാണ് മര്യാദ, പ്രോട്ടോക്കോൾ വിഷയം വാദപ്രതിവാദത്തിനായി ഉന്നയിക്കുന്നതെന്നും ഗണേശ്‌കുമാർ പറഞ്ഞു. 'സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ; നടനെയും വിട്ടേക്കൂ... അയാൾ എംപിയാണ് സല്യൂട്ട് ചെയ്യണം എന്നായിരുന്നു ഗണേശിന്റെ നിലപാട്.
തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‌ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതാണ് ചർച്ചയാത്. 'ഞാനൊരു എംപിയാണ്, ഒരു സല്യൂട്ട് ഒക്കെ ആവാം.' ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആന്റണിയോടു സുരേഷ് ഗോപി പറഞ്ഞു. ഉടൻ എസ്‌ഐ സല്യൂട്ട് ചെയ്തു. സല്യൂട്ടിനെ അഭിവാദ്യം ചെയ്ത സുരേഷ് ഗോപി ശീലങ്ങളൊന്നും മറക്കരുത് 'എന്നുപദേശിക്കുകയും 'ഞാൻ മേയറൊന്നുമല്ല' എന്ന് ഓർമിപ്പിക്കുകയും ചെയ്തു.
തന്നെ സല്യൂട്ട് ചെയ്യാൻ പൊലീസ് മടിക്കുന്നുവെന്ന് മുൻപ് തൃശൂർ മേയർ ഡിജിപിക്കു കത്തയച്ചത് വിവാദമായിരുന്നു. എന്നാൽ എംപിക്ക് സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പൊലീസിൽ മാനുവൽ ഉണ്ടെന്നാണ് പൊലീസ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. ചാനൽ ചർച്ചകളിൽ എംപിക്കെതിരെ നിലപാടുകളുമായി നേതാക്കളുമെത്തി. ഇതെല്ലാം പാർലമെന്ററീ സമിതിക്ക് മുമ്പിൽ കൊണ്ടു വരാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. അതിനിടെ സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്തു വന്നിട്ടുണ്ട്.
സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ ? പൊലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അസോസിയേഷനോ, ആരുടെ അസോസിയേഷൻ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. 'ആ അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.'- അദ്ദേഹം പറഞ്ഞു.
സല്യൂട്ട് നൽകാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാൻ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിർദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നൽകണ്ട എന്നവർ വിശ്വസിക്കുന്നുവെങ്കിൽ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ