തിരുവനന്തപുരം: താൻ കേന്ദ്രമന്ത്രിമാരുടെ ട്രെയിനിംഗിലാണെന്ന നിർണ്ണായ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി. നിർമ്മലാ സീതാരാമന് കീഴിലാണ് പരിശീലനം. താനടക്കം അഞ്ചു എംപിമാർ ഈ പരിശീലന പരിപാടിയുടെ ഭാഗമാണെന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു. സുരേഷ് ഗോപിയെ മുന്നിൽ നിർത്തി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

മാതൃഭൂമി ചാനൽ ചർച്ചയിലാണ് തനിക്ക് കേന്ദ്രമന്ത്രിമാരുടെ പരിശീലനം കിട്ടുന്നുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചത്. ഏത് സാഹചര്യത്തിലാണ് ഇതെന്ന് നടൻ കൂടിയായ എംപി പറഞ്ഞതുമില്ല. കാര്യങ്ങളെല്ലാം പഠിക്കുകയാണെന്നും അറിയിച്ചു. ബിജെപിയുടെ സംഘടനാ ചുമതലകളിലേക്ക് എത്താൻ ഇനിയും തനിക്ക് ഏറെ ദൂരം പോകേണ്ടതുണ്ടെന്നും വിശദീകരിച്ചു. ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നതിന് തെളിവാണ് സുരേഷ് ഗോപിയുടെ വാക്കുകൾ. അതിശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് സുരേഷ് ഗോപി നടത്തുന്നത്. തിരുത്തൽ ശക്തിയാകാനാണ് നീക്കം.

മാതൃഭൂമി ചർച്ചയിൽ സുരേഷ് ഗോപി പറഞ്ഞത് പാർട്ടിയിൽ തനിക്ക് പത്ത് നേതാക്കളേ ഉള്ളൂവെന്നാണ. മോദിയിൽ തുടങ്ങി അമിത് ഷായിലൂടെ പീയൂഷ് ഗോയലിന്റെ പേരും പറഞ്ഞു. ഇതിനിടെയാണ് രണ്ട് കേന്ദ്രമന്ത്രിമാരുടെ ട്രെയിനിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്രമന്ത്രിമാരായ ിർമ്മലാ സീതാരാമനും ഹർദ്ദീപ് സിങ് പൂരിയും അഞ്ച് എംപിമാരെ വീതം ട്രെനിയായി തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ ഞാനുമുണ്ട്. ഇത്തരം പരിശീലനങ്ങളിലൂടെ മികച്ച രാഷ്ട്രീയ പാടവം താൻ നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വികസന രാഷ്ട്രീയത്തിനൊപ്പം രാഷ്ട്രീയത്തിലെ തെറ്റുകളും ചൂണ്ടിക്കാണിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. കേരളത്തിൽ സുരേഷ് ഗോപിയെ മുന്നിൽ നിർത്തിയുള്ള പ്രവർത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. പാലാ ബിഷപ്പിനെ സുരേഷ് ഗോപി സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താനുള്ള നടപടികൾ ഊർജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.

ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ സന്ദർശിക്കാനുള്ള സമയവും മത നേതാക്കൾക്ക് നൽകാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടിയിൽ നേതൃമാറ്റത്തിനും സാധ്യതയുണ്ട്. അഴിച്ചുപണിയിൽ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നൽകാൻ കഴിയാത്തതുമാണ് മറ്റു പാർട്ടികളിൽ നിന്നു നേതാക്കളെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സം. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ മുന്നിൽ നിർത്താനാണ് തീരുമാനം.

എന്നാൽ താനിക്ക് സംസ്ഥാന അധ്യക്ഷ പദവിയോട് താൽപ്പര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പരസ്യ പ്രതികരണം. അതിനുള്ള രാഷ്ട്രീയ പാടവം ഇല്ലെന്നും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയയെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലുകൾ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുമുണ്ട്. അവർ അതിൽ പൂർണ്ണ തൃപ്തരാണെന്നാണ് സൂചന.