പത്തനംതിട്ട: കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും ഫണ്ട് വിനിയോഗത്തിൽ ലോക്സഭാംഗങ്ങളിൽ പത്തനംതിട്ട പാർലമെന്റംഗം ആന്റോ ആന്റണിയും രാജ്യസഭാംഗങ്ങളിൽ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യനും മുന്നിൽ.

ആന്റോ ആന്റണി ലഭിച്ച 15 കോടി രൂപയിൽ അത്രയുംതന്നെ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഫണ്ടിൽ നീക്കിയിരുപ്പായി 2016-17 വർഷത്തെ ഫണ്ടിന്റെ പലിശയിനത്തിലും മറ്റുമുള്ള 12.03 ലക്ഷം രൂപ മാത്രമേ അവശേഷിക്കുന്നുള്ളു. 2012 ജൂലൈ രണ്ടിന് രാജ്യസഭാംഗമായ പ്രഫ.പി.ജെ. കുര്യനു 2012-13 സാമ്പത്തിക വർഷം മുതൽ 2016-17 വരെ ഓരോ വർഷവും അഞ്ചു കോടി രൂപ വീതം ആകെ 25 കോടി രൂപയാണ് ലഭിച്ചിരുന്നത്. ലഭിച്ച 25 കോടി രൂപയും പൂർണമായും അദ്ദേഹം ചെലവഴിച്ചു. പലിശയിനത്തിലും മറ്റുമുള്ള 118.30 ലക്ഷം രൂപ മാത്രമേ പി.ജെ. കുര്യന്റെ ഫണ്ടിൽ അവശേഷിപ്പിക്കുന്നുള്ളു.

2016 ഏപ്രിലിൽ രാജ്യ സഭാംഗമായ കെ.സോമപ്രസാദിനു 2016-17 സാമ്പത്തിക വാർഷം ചെലവഴിക്കാൻ അഞ്ചു കോടി രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ആദ്യം ലഭിച്ച രണ്ടര കോടി രൂപയിൽ നിന്നും ഒരു രൂപ പോലും അദ്ദേഹം ചെലവഴിച്ചിട്ടില്ലാത്തതിനാൽ രണ്ടാം ഗഡു രണ്ടരക്കോടി ലഭിച്ചില്ല. എന്നാൽ അദ്ദേഹത്തോടൊപ്പം തന്നെ 2016 ഏപ്രിലിൽ രാജ്യ സാഭാംഗമായ സുരേഷ് ഗോപിക്ക് അർഹതപ്പെട്ട അഞ്ചു കോടി രൂപ 2016-17 സാമ്പത്തിക വർഷം ലഭിക്കുകയും അതിൽ നിന്നും അദ്ദേഹം 72,45,000 രൂപ ചെലവഴിക്കുകയും ചെയ്തു.

രാജ്യസഭാംഗങ്ങൾക്കും പാർലമെന്റംഗങ്ങൾക്കും ഒരു സാമ്പത്തിക വർഷം അഞ്ചു കോടി രൂപ വീതമാണ് ഫണ്ട് അനുവദിക്കുന്നത്. ആദ്യ ഫണ്ടായി അംഗമാകുന്ന ഉടൻ എംപിയുടെ അക്കൗണ്ടിലേക്ക് രണ്ടരക്കോടി രൂപ ലഭിക്കും. ആ രൂപയിൽ ഒരു നിശ്ചിത തുക ചെലവഴിച്ചാൽ മാത്രമേ ആ സാമ്പത്തിക വർഷം രണ്ടാം ഗഡു ലഭിക്കുകയുള്ളു.

വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്ലാനിങ് ഓഫീസുകളിൽ എംപി.മാരുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്.