തിരുവനന്തപുരം: ഇന്നും മലയാളികളുടെ ഇഷ്ട ചിത്രമാണ് സുരേഷ് ഗോപിയും മഞ്ജു വാര്യരും ജയറാമും ഒന്നിച്ച സമ്മർ ഇൻ ബത്‌ലഹേം. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 23 വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

തന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, പൂർണ്ണതൃപ്തി നൽകിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഡെന്നീസ് എന്നാണ് സുരേഷ് ഗോപി കുറിക്കുന്നത്. ''മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം. എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, എനിക്ക് പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു..'' സുരേഷ് ഗോപി കുറിച്ചു.

 
 
 
View this post on Instagram

A post shared by Suresh Gopi (@sureshgopi)

സമ്മർ ഇൻ ബത്‌ലഹേമിലെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. 1998 സെപ്റ്റംബർ നാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ നിരഞ്ജൻ എന്ന അതിഥി വേഷത്തിലെത്തിയ ചിത്രത്തിലെ വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങളും ഇന്നും സൂപ്പർഹിറ്റാണ്. കലാഭവൻ മണി, ജനാർദ്ധനൻ, സുകുമാരി, രസിക, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.