- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി'; സാങ്കേതിക തകരാറിന്റെ കാരണത്താൽ സിനിമയെ ഉപേക്ഷിക്കരുത്; ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഞാൻ ആസ്വദിച്ചതെന്നും താരം; നാളെ മുതൽ മലയാളം എത്തുമെന്ന് അണിയറ പ്രവർത്തകർ
അല്ലു അർജ്ജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പ മലയാളം ഉൾപ്പടെ അഞ്ചോളം ഭാഷകളിലാണ് റീലീസ് ചെയ്യുന്നത്.ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ മലയാളം പതിപ്പ് വെള്ളിയാഴ്ച്ച കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല.മലയാളം പ്രദർശനം പറഞ്ഞിരുന്ന സ്ഥലത്തൊക്കെയും തമിഴാണ് പ്രദർശിപ്പിച്ചത്.മലയാളം വേർഷനായി ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം തന്നെ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി.
ശനിയാഴ്ച മുതൽ മലയാളം പതിപ്പ് പ്രദർശനം ആരംഭിക്കുമെന്ന് വിതരണക്കാരായ ഇ 4 എന്റർടെയ്ന്മെന്റ് അറിയിച്ചിരുന്നു. പ്രേക്ഷകരോട് അവർ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇപ്പോഴിതാ ചിത്രത്തിന്റെ കേരള റിലീസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി തിയറ്ററുകൾ സജീവമാകുന്ന ഈ ഘട്ടത്തിൽ സിനിമകളോട് മലയാളം, തമിഴ് എന്നിങ്ങനെ വേർതിരിവൊന്നും പ്രേക്ഷകർ കാട്ടരുതെന്ന് സുരേഷ് ഗോപി അഭ്യർത്ഥിക്കുന്നു.
സുരേഷ് ഗോപിയുടെ കുറിപ്പ്
'പുഷ്പ' എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്. സിനിമാ വ്യവസായത്തിന് തിയറ്ററുകൾ തീർച്ഛയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാൻ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം, തമിഴ് എന്ന വേർത്തിരിവിൽ ആരും തിയറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു',
അതേസമയം ചിത്രത്തിന്റെ മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതിന്റെ കാരണം വിശദീകരിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി രംഗത്തെത്തിയിരുന്നു. 'സമയത്തിന്റേതായ സമ്മർദ്ദം ഉണ്ടായിരുന്നതിനാൽ പ്രിന്റിന് അയക്കുന്നതിനു മുൻപ് മിക്സിന്റെ ക്വാളിറ്റി കൺട്രോൾ നടത്താൻ ഞങ്ങൾക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്നം ഞങ്ങൾ പരിഹരിച്ചു.
പ്രിന്റുകൾ വൈകാതെ എത്തും. മിക്സ് ഫയൽസ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങൾ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്വെയറിലെ ഒരു ബഗ് മൂലം ഫൈനൽ പ്രിന്റിൽ പ്രശ്നം കണ്ടെത്തുകയായിരുന്നു. അല്ലു അർജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകർക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നൽകരുതെന്ന് ഞാൻ കരുതി. കാരണം അവർ മികച്ചത് അർഹിക്കുന്നുണ്ട്', റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ