മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി രാജ്യസഭാ എംപി സുരേഷ് ഗോപി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ലെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സമാധാനശ്രമങ്ങൾ നാടകമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ എംപിയെന്ന നിലയിൽ ഫണ്ട് ചെലവഴിക്കാൻ ഇടത്-വലത് കക്ഷികൾ തടസം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ അക്രമങ്ങൾ എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുമ്പോഴും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകു എന്നാണ് സുരേഷ്‌ഗോപി എംപിയുടെ അഭിപ്രായം.

മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ സംയമനം പാലിച്ചാൽ കണ്ണൂരിൽ സംഘർഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോൾ നടക്കുന്ന സമാധാനശ്രമങ്ങൾ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് ആർജവമാണെന്നും അദ്ദേഹം പറഞ്ഞു.

എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയിൽ, ഒരു കോടി രൂപയിൽ താഴെയാണ് ചെലവഴിച്ചതെന്ന വിമർശനവും അദ്ദേഹം തള്ളി. ഇടതുവലതു സഖ്യങ്ങൾ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നിൽക്കുകയാണ്. മലയാളികൾ ഏറെയുള്ള മുംബൈ പൻവേലിലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു ബിജൈപി എം പി കൂടിയായ താരം.