- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേര കർഷകർക്ക് ഇനി സുരേഷ് ഗോപിയുടെ കാവൽ! നാളികേര വികസന ബോർഡ് മെമ്പറായി രാജ്യസഭാംഗത്തെ തെരഞ്ഞെടുത്തു; 'കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ്' എന്നു പ്രതികരിച്ചു ആക്ഷൻ ഹീറോ; പുതിയ കർത്തവ്യം ഏറ്റവും ഭംഗിയാക്കുമെന്നും വാഗ്ദാനം
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ക്രൗഡ് പുള്ളറാണ് സുരേഷ് ഗോപി. ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഒക്കെ വലിയ തോതിൽ വോട്ടു പിടിച്ച താരം. രാജ്യസഭാ അംഗം കൂടിയായ സുരേഷ് ഗോപിയെ തേടി മറ്റൊരു പദവി കൂടി എത്തിയിരിക്കയാണ്. നാളികേര വികസന ബോർഡ് മെമ്പറായി രാജ്യസഭാംഗം സുരേഷ് ഗോപിയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോർഡ് പ്രവർത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉൽപ്പന്നങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കുകയാണ് ബോർഡ് ചെയ്യുന്നത് . നാളികേര ഉത്പാദനവും നാളികേര ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് നാളികേര വികസന ബോർഡിന്റെ ലക്ഷ്യം. കേരളത്തിൽ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോർഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നാളികേര വികസന ബോർഡ് അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്.
'കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ്' എന്നാണ് സ്ഥാനലബ്ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 'ഇന്ത്യയുടെ നാളീകേര വികസന ബോർഡിലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും', സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി എംപിയെ തെരഞ്ഞെടുത്ത വിവരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ ഈ നിയോഗം ഉപകാരപ്പെടുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്