- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ 'അമ്മ' എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ല; ഇഡി അന്വേഷണം നടക്കട്ടെ; വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്; അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതി; ബിനീഷിനെ പുറത്താക്കണം എന്ന മുറവിളികൾക്കിടെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി
തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമില്ലെന്ന് സുരേഷ് ഗോപി എംപി. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. അതിനുശേഷം എന്തു നടപടി സ്വീകരിക്കണമെന്നു സംഘടന തീരുമാനിക്കും. എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതിയെന്നും അദേഹം പറഞ്ഞു. യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണിത്. അതിനാൽ അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് എറണാകുളത്ത് നടന്ന അമ്മയുടെ എക്സിക്യൂട്ടീവിൽ ബിനീഷ് കോടിയേിയുടെ പുറത്താക്കൽ ചർച്ചാ വിഷമായിരുന്നു. ബിനീഷിനെ പുറത്താക്കണമെന്നായിരുന്നു നടൻ സിദ്ദിഖ് അടക്കമുള്ഴവർ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനെ മുകേഷും ഗണേശും എതിർക്കുകയായിരുന്നു. മയക്കുമരുന്നിന്റെ എൻഫോഴ്സ്മന്റ് കേസിലാണ് ബിനീഷ് കോടിയേരി കുടുങ്ങിയത്. ഇത് സിനിമയ്ക്കും നാണക്കേടായി. ഇതോടെയാണ് താര സംഘടനയിൽ നിന്നും അമ്മയെ പുറത്താക്കണമെന്ന വാദം ഉയർന്നത്. ഈ പശ്ചാത്തലത്തിൽ ബിനീഷ് അജണ്ടയിലാണ് പ്രധാനമായും അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. ഗണേശ് യോഗത്തിന് എത്തിയില്ല. എന്നാൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ മുകേഷ് കൃത്യ സമയത്ത് എത്തി. ചർച്ചകളിലേക്ക് കടന്നപ്പോൾ തന്നെ ബിനീഷിനെ ന്യായീകരിക്കുന്നതും തുടങ്ങി. അവൻ പാവമാണ്... അവനെ കുടുക്കിയാതണ്. പിണറായി കുരുക്കാൻ അവനെ ബലിയാടാക്കുകയാണ് കേന്ദ്ര ഏജൻസികൾ... ഇങ്ങനെ ബിനീഷ് പാവമാണെന്ന് സമർത്ഥിക്കുകയായിരുന്നു മുകേഷ് ചെയ്തത്. ബിനീഷിനെ സസ്പെന്റ് ചെയ്യണമെന്ന നടൻ സിദ്ദിഖിന്റെ ആവശ്യത്തെ ഒരിക്കലും അംഗീകരിച്ചില്ല.
അങ്ങനെ തർക്കം മൂത്തു. എന്തുവന്നാലും ബിനീഷിനെ സസ്പെന്റ് ചെയ്യാനാകില്ലെന്ന നിലപാടിൽ തന്നെ മുകേഷ് ഉറച്ചു നിന്നു. ഇതിനിടെ ലീഗൽ അഡൈസറുടേയും അഭിപ്രായം തേടി. ബിനീഷിനെ സസ്പെന്റ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയർന്നു. എന്നാൽ പറ്റില്ലെന്ന് അപ്പോഴും മുകേഷ് വാശി പിടിച്ചു. ഇതിനിടെ കോടിയേരിയെ പോലും സിപിഎം മാറ്റിയ കാര്യം ഉയർന്നു. എന്നാൽ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയെ മാറ്റിയത് അല്ലെന്നും അസുഖമായതു കൊണ്ട് അവധി എടുത്തതാണെന്നും മുകേഷ് തിരിച്ചടിച്ചു. അങ്ങനെ സിപിഎം സൈബർ സഖാക്കളും ന്യായീകരണ തൊഴിലാളികളും നടത്തുന്ന വാദങ്ങളെല്ലാം അമ്മ എക്സിക്യൂട്ടിവിലും മുകേഷ് ഉയർത്തി. ഒടുവിൽ വിശദീകരണമെന്ന നടപടിയിലേക്ക് എല്ലാം ചുരുങ്ങുകയായിരുന്നു.
രാഷ്ട്രീയം പറഞ്ഞുള്ള മുകേഷിന്റെ വാദങ്ങളാണ് ഇതിന് കാരണം. പിണറായിയെ കുടുക്കാനുള്ള കേന്ദ്ര ഏജൻസിയുടെ കുതന്ത്രത്തിന്റെ ബലിയാടാണ് ബിനീഷെന്ന് മുകേഷ് പറയുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ സിനിമാക്കാർ അരും തയ്യാറായില്ല. ഈ വാദത്തെ പരസ്യമായി എതിർക്കുന്നതിലെ പ്രശ്നങ്ങൾ കാരണമായിരുന്നു അത്. അങ്ങനെ രണ്ട് സിപിഎം എംഎൽഎമാർ അമ്മയുടെ യോഗത്തിന്റെ തീരുമാനത്തെ തങ്ങളുടേതാക്കി മാറ്റി. ദിലീപിനെ സസ്പെന്റ് ചെയ്യാൻ കാട്ടിയ ഏക സ്വരം അമ്മയുടെ എക്സിക്യൂട്ടീവിൽ ഉണ്ടായില്ലെന്നതാണ് വസ്തുത. അതുകൊണ്ട് മാത്രമാണ് ബിനീഷിനെതിരായ നടപടി വിശദീകരണത്തിൽ ഒതുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ