തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഡിവൈഎഫ്‌ഐ-സുരേഷ് ഗോപി തർക്കം അരങ്ങു തകർക്കുകയാണ്. സുരേഷ് ഗോപിയെ ഡിവൈഎഫ്‌ഐക്കാർ തടയും എന്ന തരത്തിൽ പോസ്റ്റുകൾ സൈബർ ലോകത്തു പ്രചരിച്ചതോടെ മറുപടിയെന്നോണം നടന്റെ ആരാധകരുടെ പേരിലും പോസ്റ്റുകൾ പ്രചരിക്കാൻ തുടങ്ങി.

പരസ്പരം ചെളിവാരിയെറിയുന്ന ഇത്തരം പോസ്റ്റുകൾ അതിർവരമ്പുകളെല്ലാം ലംഘിച്ചതോടെ ഇത്തരത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് വിശദീകരണം നൽകിയത്.

നവമാദ്ധ്യമങ്ങള പ്രതിലോമകരമായും അസംബന്ധ പ്രചരണത്തിനായും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തീർത്തും വേദനാജനകമാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ സ്വരാജ് പറയുന്നു. ഡിവൈഎഫ്ഐ. സുരേഷ് ഗോപിയെ തടയുമെന്നനിലയ്ക്കുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി ഡിവൈഎഫ്ഐ. യെ ആക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ സുരേഷ് ഗോപി നടത്തിയതായും വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ആരാധകരാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ചിലർ നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ ഇടപെടലുകളും അതിനോട് ഡിവൈഎഫ്ഐ. പ്രവർത്തകരാണെന്ന നാട്യത്തിലുള്ള മറുപടികളും അങ്ങേയറ്റം അപഹാസ്യവും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടുള്ളതുമാണ്.
അന്തസ്സുറ്റ ആശയ സമരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും ഇടമായി മാറേണ്ട നവമാദ്ധ്യമങ്ങളെ മലീമസമാക്കാനാണ് ചിലർക്കു താല്പര്യം. ഇത് തീർത്തും അപലപനീയമാണെന്നും സ്വരാജ് പറഞ്ഞു.

മാണിയെപ്പോലെ ഒരു അഴിമതി വീരനോടൊപ്പം സുരേഷ് ഗോപിയെപ്പോലെ ആദരണീയനായ ഒരു നടൻ വേദി പങ്കിടുന്നത് അഴിമതിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നും അതിനാൽ അത്തരം ഒരു സാഹചര്യം ഒഴിവാക്കണമെന്നുമാണ് താൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്.
പാലായിലെ പ്രസംഗത്തിലും പത്തനംതിട്ടയിലെ വാർത്താസമ്മേളനത്തിലും അഴിമതി വീരനായ കെ.എം.മാണിയോടൊപ്പമുള്ള പാലായിലെ പൊതു പരിപാടിയിൽനിന്ന് പിന്മാറണമെന്ന് സുരേഷ് ഗോപിയോട് അഭ്യർത്ഥിക്കുകയാണ് ഞങ്ങൾ ചെയ്തതെന്നും സ്വരാജ് പറഞ്ഞു.

സുരേഷ് ഗോപിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ബജറ്റ് സെഷനിൽ സഭയിലുണ്ടായ സംഭവങ്ങളെത്തുടർന്ന് ഇനി പാലായിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ച വിവരം ഡിവൈഎഫ്ഐ.യെ അറിയിച്ചെന്നും സ്വരാജ് വ്യക്തമാക്കുന്നു. കെ.എം. മാണിയോടൊപ്പം സുരേഷ് ഗോപി വേദി പങ്കിടരുതെന്ന ഡിവൈഎഫ്ഐ.യുടെ ആവശ്യം ഉയരുന്നതിനുമുമ്പുതന്നെ വ്യക്തിപരമായി അദ്ദേഹം അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നുവെന്നത് ഏറെ ആഹ്ലാദകരമാണ്. മാതൃകാപരമായ നിലപാടാണ് ഈ കാര്യത്തിൽ സുരേഷ് ഗോപി കൈക്കൊണ്ടിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇതാ:

അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവരോട് നവമാദ്ധ്യമങ്ങളുടെ അനന്തമായ സാധ്യതകളെ അങ്ങേയറ്റം പ്രതിലോമകരമായും അസംബന്ധ പ്രചരണത്തിന...

Posted by M Swaraj on Monday, 13 April 2015