- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്‌നേഹ സമ്പന്നനായ സുരേഷ് ഗോപി ജീ; തൃശൂരിന്റെ സമഗ്ര വികസന പന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട്'; തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാക്ക് പാലിച്ച സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് മേയറുടെ കത്ത്
തൃശൂർ: തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ എംപി ഫണ്ടിൽനിന്നും അനുവദിച്ച സുരേഷ്‌ഗോപി എംപിക്ക് നന്ദി അറിയിച്ച് തൃശൂർ മേയർ എം.കെ.വർഗീസ്. കത്ത് ഫേസ്‌ബുക്കിൽ സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപറേഷൻ തയാറാക്കി സുരേഷ്‌ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയർ കത്തിൽ പറയുന്നു.
തൃശൂരിനോട് കാണിക്കുന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേയർ കത്ത് അവസാനിപ്പിക്കുന്നത്. 'സ്‌നേഹ സമ്പന്നനായ സുരേഷ്‌ഗോപി ജീ' എന്നാണ് മേയർ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്നും ജനവിധി തേടിയ സുരേഷ്‌ഗോപിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. പരാജയമായിരുന്നു ഫലമെങ്കിലും തൃശൂരിനെ കൈവിടാൻ സുരേഷ് ഗോപി തയ്യാറായില്ല. ജില്ലയ്ക്ക് വേണ്ടതെല്ലാം തന്നാൽ കഴിയുന്ന അവിധം എംപി ചെയ്തിരുന്നു. തൃശൂരിന്റെ വികസനത്തിന് എംപി എന്ന നിലയിൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നു. ഈ വാഗ്ദാനം ആണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.
കത്തിങ്ങനെ-
സ്‌നേഹ സമ്പന്നനായ സുരേഷ് ഗോപി ജീ,
സാംസ്‌കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ തൃശിവപേരൂരിന് ആധുനികതയുടെ തിലകക്കുറിയായി താങ്കളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതിന് തൃശൂർ പൗരാവലിയുടേയും കോർപ്പറേഷന്റേയും എന്റേയും പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
തൃശൂരിന്റെ സമഗ്ര വികസന പന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്ട് കോർപ്പറേഷൻ തയ്യാറാക്കി താങ്കൾക്ക് അയച്ചു തന്നിട്ടുള്ള വിവരം ആ അവസരത്തിൽ സ്‌നേഹപൂർവ്വം ഓർമ്മപ്പെടുത്തുകയാണ്. ആയതിലേക്കു കൂടി താങ്കളുടെ ശ്രദ്ധ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്‌നേഹ സ്പന്ദനത്തോടൊപ്പം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് കോർപ്പറേഷന്റെ സമഗ്ര വികസനത്തിൽ എപ്പോഴും ശ്രദ്ധാലുവുമായ താങ്കളുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും ഒരിക്കൽകൂടി നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
സ്‌നേഹപൂർവം മേയർ
എം കെ വർഗീസ്
മറുനാടന് മലയാളി ബ്യൂറോ