എംപിയായതോടെ സുരേഷ്‌ഗോപി അഭിനയമോഹമൊക്കെ പൂട്ടിക്കെട്ടിയോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ ബിജെപി പ്രചരണം കൊടുമ്പിരിക്കൊണ്ട് നടത്തുന്നതിനിടെയാണ് സുരേഷ്‌ഗോപിക്ക് മോദി സർക്കാർ രാജ്യസഭാ എംപിസ്ഥാനം അദ്ദേഹത്തിന് നൽകിയത്. കുറച്ചുകാലമായി അഭിനയരംഗത്ത് സജീവമല്ലാതിരുന്ന സുരേഷ്‌ഗോപി സാമുഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി.

അവശരും നിരാലംബരുമായ നിരവധി പേരുടെ ജീവിതങ്ങളിൽ സാന്ത്വനവുമായി എത്തി. കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്നും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സുരേഷ് ഗോപിക്ക് നൽകുമെന്നുമെല്ലാം ചർച്ചകളുണ്ടായി. പക്ഷേ ഒന്നും നടന്നില്ല. സുരേഷ് ഗോപി അങ്ങനെ മിടുക്കനാകേണ്ടെന്ന് കരുതിയ കേരളത്തിലെ ചിലർ കൊണ്ടുപിടിച്ചു ശ്രമിച്ചതുകൊണ്ടാണ് അതൊന്നും നടക്കാതിരുന്നതെന്നാണ് ശ്രുതികൾ.

അങ്ങനെയിരിക്കെയാണ് മറ്റൊരു വാർത്ത പുറത്തുവരുന്നത്. പൊതുകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയ്ക്ക് വീണ്ടും അഭിനയമോഹത്തിലാണ് സുരേഷ്‌ഗോപി എന്നതാണ് വാർത്ത. ഒരു തകർപ്പൻ പൊലീസ് വേഷംകൂടി ചെയ്യണമെന്നാണ് താരത്തിന്റെ മനസ്സിലിരിപ്പെന്നാണ് സംസാരം. കമ്മീഷണർ പോലൊരു ഉഗ്രൻ വേഷമാണ് പ്രതീക്ഷിക്കുന്നത്. നിരവധി സിനിമകളിൽ പൊലീസ് വേഷത്തിൽ തിളങ്ങിയ താരമാണ് സുരേഷ്‌ഗോപി.

കമ്മിഷണറും എഫ്‌ഐആറും ഭരത്ചന്ദ്രൻ ഐപിഎസും ക്രിസ്ത്യൻ ബ്രദേഴ്‌സും പോലെ നിരവധി സിനിമകളിൽ ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട പൊലീസ് വേഷങ്ങൾ. യൂണിഫോമിട്ട് സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്ന സുരേഷ്‌ഗോപി എത്തുന്നത് ഒരു ചന്തംതന്നെയെന്നതിന് സിനിമാരംഗത്തും രണ്ടുപക്ഷമില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കൽ കൂടി കാക്കിധരിക്കണമെന്ന മോഹം താരത്തിനുണ്ടാകുന്നത്. ഇപ്പോഴും ആ വേഷത്തിനുള്ളിൽ തിളങ്ങാൻ കഴിവുണ്ടെന്ന് തെളിയിക്കണം.

 കമ്മീഷണറിൽ കയ്യിലെടുത്ത തോക്ക് താഴെവച്ച് കളിയാട്ടത്തിൽ അഭിനയിച്ച് ഭരത് സുരേഷ്‌ഗോപിയായി. അതിനുശേഷവും നിരവധി പൊലീസ് വേഷങ്ങളിൽ തിളങ്ങി. ഇപ്പോൾ എംപിയായെങ്കിലും അത്തരമൊരു വേഷം ചെയ്യാൻ കലശലായ ആഗ്രഹത്തിലാണ് സുരേഷ്‌ഗോപിയെന്നാണ് കേൾവി. പക്ഷേ, ഏതെങ്കിലുമൊരു സംവിധായകനുവേണ്ടി കാക്കിയണിയാൻ താൽപര്യമില്ല.

ഷാജികൈലാസും രൺജിപണിക്കരും അടങ്ങുന്ന ടീംതന്നെ വേണമെന്ന് നിർബന്ധത്തിലാണ് താരം. ഈ ടീമിന്റെ കീഴിൽ പൊലീസ് വേഷത്തിലെത്തിയാൽ വീണ്ടും വെള്ളിത്തിരയിൽ തിളങ്ങാമെന്ന കണക്കുകൂട്ടലിലാണ് സുരേഷ്‌ഗോപി എന്നാണ് സിനിമാലോകത്തെ അടക്കംപറച്ചിൽ. പക്ഷേ, എഴുത്തിനു പകരം അഭിനയരംഗത്ത് തകർത്തുമുന്നേറുന്ന രൺജി പണിക്കർ സുരേഷ്‌ഗോപിയെ കാക്കിയണിയിക്കാൻ പേന കയ്യിലെടുക്കുമോ? കാത്തിരുന്നു കാണാം...