തൃശ്ശൂർ: തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും വാഗ്ദാനമായി മാറുമ്പോളാണ് പരാജയത്തിലും തന്റെ വാക്ക് പാലിക്കാനായി ത്വരിത നടപടികളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നത്. തൃശ്ശുരിലെ എം എൽ എ സ്ഥാനാർത്ഥിയായിരുന്നപ്പോൾ സുരേഷ് ഗോപി മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനമായിരുന്നു ശക്തൻ മാർക്കറ്റ് വികസനം.തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷവും തന്റെ വാക്കിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നേരിട്ടെത്തി മേയറുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

ഒരുകോടി രൂപയാണ് ശക്തൻ വികസനത്തിനായി സുരേഷ്‌ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എംപി.ഫണ്ടിൽനിന്നോ കുടുംബട്രസ്റ്റിൽനിന്നോ ഇതിനുള്ള പണം നൽകുമെന്നായിരുന്നു വാഗ്ദാനം. തുടർ് നടപടികൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി എംപി. മേയർ എം.കെ. വർഗ്ഗീസിനെ കണ്ടു. ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി 1 കോടി രൂപ അനുവദിച്ചത് 1 മണിക്കൂർ നീണ്ട ചർച്ചയിൽ സുരേഷ് ഗോപി നേരിട്ടറിയിച്ചു.ഏതെങ്കിലും കാരണവശാൽ എംപി ഫണ്ടിന് തടസ്സം നേരിട്ടാൽ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

50 ലക്ഷം രൂപ വീതം പച്ചക്കറി മാർക്കറ്റിലും മത്സ്യ മാർക്കറ്റിലും ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള മാതൃകാപരമായ ഓരോ ബ്ലോക്കുകൾ നിർമ്മിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രോജക്ട് സമർപ്പിച്ചാൽ ഉടൻ ഫണ്ട് നൽകും. ഫെബ്രുവരിയിലെങ്കിലും നിർമ്മാണം ആരംഭിക്കണമെങ്കിൽ നവംബറിന് മുമ്പായി പ്രോജക്ട് പ്ലാൻ നൽകണമെന്നും പറഞ്ഞു.

ശക്തൻ മാർക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് വിശാലമായ മാസ്റ്റർപ്ലാനാണ് മനസ്സിലുള്ളത് എന്ന് മേയർ സുരേഷ്‌ഗോപിയെ അറിയിച്ചു. നവംബർ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയർ അദ്ദേഹത്തെ അറിയിച്ചു.ശക്തനിലെ 36 ഏക്കർ സ്ഥലം മൊത്തത്തിൽ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തൻ പദ്ധതിയെക്കുറിച്ചും മേയർ സുരേഷ്‌ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തൻ വികസനമാണ് ഇതിൽ വിഭാവനം ചെയ്തിരുന്നത്.ശക്തൻ മാർക്കറ്റിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിനായി 10 കോടി രൂപ കേന്ദ്ര സർക്കാർ സഹായമായി അനുവദിപ്പിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.

ഗ്രേറ്റ് ശക്തൻ പദ്ധതി തീർത്തും ഒഴിവക്കേണ്ടെന്നും കേന്ദ്രസർക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താൻ പരിശ്രമിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞതായി മേയർ പറഞ്ഞു. ഒപ്പം മേയർ ആവശ്യപ്പെട്ട കേന്ദ്രഫണ്ടിന് പരമാവധി പരിശ്രമിക്കാമെന്ന ഉറപ്പ് നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്. മേയർക്കൊപ്പം പി.കെ. ഷാജൻ, എൻ.എ. ഗോപകുമാർ എന്നിവരുമ ചർച്ചയിൽ പങ്കെടുത്തു.

സുരേഷ്‌ഗോപിക്കൊപ്പം ബിജെപി.നേതാക്കളും കൗൺസിലർമാരും ഉണ്ടായിരുന്നു. ജില്ലാപ്രസിഡൻഡ് കെ.കെ.അനീഷ്‌കുമാർ, രഘുനാഥ് സി.മേനോൻ, എൻ.പ്രസാദ്, ഡോ.വി.ആതിര, കെ.ജി.നിജി, എം വിരാധിക, പൂർണിമ, വിൻഷി അരുൺകുമാർ എന്നിവരാണ് കൂടിയെുണ്ടായിരുന്നത്