- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ തൊഴിലാളിയായ അച്ഛൻ നട്ടെല്ലിന് ക്ഷതമേറ്റ് ബുദ്ധിമുട്ടിൽ; ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ് പത്താം ക്ലാസുകാരി വിളിച്ചു; ഫോണുമായി സുരേഷ് ഗോപി വീട്ടിലെത്തി; വീടുനിർമ്മാണം പൂർത്തീകരിക്കാനും സഹായ വാഗ്ദാനം
മലപ്പുറം: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം വിളിച്ചറിയിച്ച പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ നടനും എംപിയുമായ സുരേഷ് ഗോപി നേരിട്ട് വീട്ടിലെത്തിച്ചു നൽകി. ഫോണും പലഹാരവും നൽകിയ എംപി വിദ്യാർത്ഥിനിയുടെ വീടുനിർമ്മാണം പൂർത്തീകരിക്കാൻ സഹായവും വാഗ്ദാനം ചെയ്തു.
എസ്എസ്എൽസി ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിനി ഒരാഴ്ച മുൻപാണ് സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് സങ്കടം അറിയിച്ചത്. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത സങ്കടം പറയാനാണ് സുരേഷ് ഗോപി എംപി.യുടെ ഫോണിൽ അരുന്ധതി വിളിച്ചത്. ഫോണെടുത്ത അദ്ദേഹത്തിന്റെ പി.എ. വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺവെയ്ക്കുകയും ചെയ്തു. അതവിടെ കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. രാവിലെ 10 മണിയോടെ സുരേഷ് ഗോപി വീട്ടിലെത്തി.
സുരേഷ് ഗോപി കുട്ടിക്ക് മൊബൈൽ ഫോൺനൽകുമെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബിജെപി. പ്രാദേശികഘടകത്തിൽനിന്ന് ലഭിച്ചു. വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ വരുമെന്ന് വിദ്യാർത്ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാൽ, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
കൊച്ചിയിൽനിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയിൽ നിലച്ച വീടു നിർമ്മാണം പൂർത്തിയാക്കാൻ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്. .
ചെട്ട്യാർമാട് അധികാരത്ത് അങ്കണവാടിക്കുസമീപം താമസിക്കുന്ന അമ്പാടി ചെമ്മനാട്ടിൽ കൃഷ്ണന്റെയും മീനകുമാരിയുടെയും രണ്ടാമത്തെ മകളായ അരുന്ധതി, കാലിക്കറ്റ് സർവകലാശാല കാമ്പസ് ജി.എം.എച്ച്.എസ്. സ്‌കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ്. ഓട്ടോ തൊഴിലാളിയായ കൃഷ്ണൻ നട്ടെല്ലിന് ക്ഷതമേറ്റ് ബുദ്ധിമുട്ടനുഭവിക്കുകയാണ്. കൃഷ്ണന്റെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപയും വാഗ്ദാനം നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
ബിജെപി. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ, ഗണേശൻ പച്ചാട്ട്, കെ.പി. പ്രകാശൻ, വി സി. നാഗൻ, സന്തോഷ് ചെമ്പകശ്ശേരി, സുകേഷ് ദേവ്, അർജുൻ മേച്ചേരി, ടി.ഐ. മധു, പ്രതീഷ്, സുനിൽ കോതേരി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്