തിരുവനന്തപുരം: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

ഇന്ന് രാവിലെ 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് സുരേഷ് ഗോപി എംപിയോട് കോടതി നിർദ്ദേശിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞ കോടതി, അന്വേഷണ സംഘത്തിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ നോട്ടീസ് നൽകി ഇദ്ദേഹത്തെ വിളിച്ചുവരുത്താമെന്നും അറിയിച്ചിരുന്നു.

അതേസമയം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നും വാഹനം രജിസ്റ്റർ ചെയ്യാൻ പുതുച്ചേരിയിൽ താമസിക്കുന്നതിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ പ്രൊസിക്യൂഷൻ സുരേഷ് ഗോപി ആറ് മാസമായി ഇവിടെ താമസമില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, നടൻ ഫഹദ് ഫാസിലിനും നടി അമലാ പോളിനും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഫഹദിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.