- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗവർണർക്ക് അതിശക്തമായ പിന്തുണ; ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം'; തർക്കങ്ങളെ നേർ കണ്ണോടുകൂടി കാണണമെന്നും സുരേഷ് ഗോപി; നടിയെ ആക്രമിച്ച കേസിൽ കോടതി പറയട്ടെയെന്നും പ്രതികരണം
തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണം. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ നിർത്തണം. അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക് നൽകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
'രാജ്ഭവൻ എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം. തർക്കങ്ങൾ ഉണ്ടാകും. എന്നാൽ, അത്തരത്തിലുള്ള തർക്കങ്ങൾ ആരുമായിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് ഉണ്ടാകുന്നത്. പലതിലും തർക്കങ്ങൾ ഉണ്ടാകും. രാഷ്ട്രീയപരമായി അല്ലാതെ ഒരു നേർ കണ്ണോടു കൂടി കാണാൻ കഴിയണം.ഞാൻ ഗവർണറെ പിന്തുണയ്ക്കുന്നു. അതും ശക്തമായി തന്നെ,' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി പ്രതികരിച്ചു.'കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല,' എന്നായിരുന്നു വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.
ദൈവം നൽകിയ ജീവൻ എടുക്കാൻ നമുക്ക് അധികാരമില്ല. ട്വന്റി ട്വന്റി പ്രവർത്തകൻ എന്നില്ല. ദളിതൻ എന്നില്ല. ജാതി തിരിച്ചും കാണുന്നില്ല എന്നായിരുന്നു ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ച സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം. ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ നമുക്ക് അധികാരമില്ല. ഇതൊക്കെ എത്രകാലം ഇങ്ങനെ പറയേണ്ടിവരുമെന്നും സുരേഷ് ഗോപി ചോദിച്ചു.
കേരളത്തിൽ വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അപലപനീയമാണ്. ആര് മരിച്ചാലും ഇല്ലാതാവുന്നത് അവരുടെ കുടുംബങ്ങൾക്കാണ്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആയുധങ്ങൾ കൊണ്ടല്ല. രാഷ്ട്രീയ കൊലപാതങ്ങൾക്ക് അറുതി വരുത്താൻ എല്ലാവരും തയ്യാറാവണം.
നേരത്തെ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളെല്ലാം ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന കമ്മിറ്റി അംഗത്തെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫായി നിയമിച്ചതിൽ സംസ്ഥാന സർക്കാർ രേഖപ്പെടുത്തിയ വിയോജനമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം.
അതേസമയം, ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തോട് കേരളം ശിപാർശ ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബന്ധം സംബന്ധിച്ച പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിന്റെ മറുപടിയിലാണ് കേരള സർക്കാർ വിഷയം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ച എന്നിവയുണ്ടായാൽ ഗവർണറെ പുറത്താക്കാൻ നിയമസഭയ്ക്ക് അനുമതി നൽകണമെന്നാണ് ശിപാർശ. ഗവർണറെ പുറത്താക്കുന്നത് സംബന്ധിച്ച് നിലവിൽ നടപടികളിൽ വ്യക്തതയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിരന്തരം അസ്വാരസ്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെ ഗവർണർ തുറന്നടിച്ചിരുന്നു.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ പദ്ധതി നിർത്തലാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഈ പദ്ധതി നിർത്തലാക്കാനാണ് നിർദ്ദേശം. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിച്ചാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മുഴുവൻ പേഴ്‌സണൽ സ്റ്റാഫിന്റെ വിവരങ്ങളും ഇതു സംബന്ധിച്ച ഫയലും ഒരാഴ്‌ച്ചക്കകം നൽകാൻ ആവശ്യപ്പെട്ടുള്ള കത്തും ഗവർണർ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.
ഗവർണറെന്ന നിലയിൽ സർക്കാരിനെ ഉപദേശിക്കാൻ അധികാരമുണ്ട്. പെൻഷൻ ആനുകൂല്യം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നിയമനമാണ് പേഴ്‌സണൽ സ്റ്റാഫിൽ നടക്കുന്നത്. രണ്ടു വർഷം ജോലി ചെയ്താൽ പെൻഷൻ ആനുകൂല്യമുണ്ടെന്നുള്ള വിവരം മൂന്നുദിവസം മുമ്പാണ് താൻ അറിയുന്നതെന്നും ഗവർണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ