- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് 20 വർഷത്തിൽ കൂടുതൽ ഉള്ള ആത്മബന്ധം; ചെർക്കളം അബ്ദുള്ള എന്ന് മൂന്നുവട്ടം വിളിച്ച് തെങ്ങിൻ തൈ നട്ട് സുരേഷ് ഗോപി എംപി; പച്ച ഷാൾ പുതപ്പിച്ച് ആദരവോടെ സ്വീകരിച്ച് കുടുംബം
കാസർകോഡ്: സംസ്ഥാനത്ത് തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സുരേഷ് ഗോപി എംപി കാസർകോടും എത്തി. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പരേതനായ ചെർക്കളം അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തെങ്ങിൻ തൈ നട്ടുപിടിപ്പിച്ചത്.
ചെർക്കളത്തിന്റെ മകൻ നാസർ ചെർക്കളം ആദരസൂചകമായി പച്ച ഷോൾ അണിയിച്ചാണ് സുരേഷ് ഗോപിയെ വരവേറ്റത്.
മകൻ സി എ അഹ്മദ് കബീറും കൂടെ ഉണ്ടായിരുന്നു. ചെർക്കളത്തിന്റെ ഭാര്യയും ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ആഇശ ചെർക്കളം, ജില്ലാ പഞ്ചായത്ത് മെമ്ബർ ജാസ്മിൻ കബീർ ചെർക്കളം, നുസ്വത്ത് നിശ നാസർ ചെർക്കളം, പേരമക്കൾ, കുടുംബ സുഹൃത്തുക്കളായ ഹനീഫ ഒ പി, ഹസൈനാർ സിർസി, മൊയ്ദീൻ സി എ, അഹ്മദ് എം ടി, ബശീർ എം ടി, ശുകൂർ ബോസ്, കിരൺ കുമാർ, വസന്തൻ, ഗണേശൻ അരമങ്ങാനം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വീട്ടുകാരെ കണ്ട് വിശേഷങ്ങൾ പങ്കു വെച്ചതിനു ശേഷം ഇളനീർ കുടിച്ച് പുറത്തിറങ്ങിയ അദ്ദേഹം ബിജെപി നേതാക്കളും മാധ്യമ പ്രവർത്തകരും തിങ്ങി നിറഞ്ഞ വീട്ട് പരിസരത്ത് ചെർക്കളം അബ്ദുല്ല എന്ന് ഉറക്കെ മൂന്ന് തവണ വിളിച്ച് നാളികേര തൈ ഉയർത്തിക്കാട്ടുകയും പിന്നെ നട്ടുകെയും ചെയ്തു. തെങ്ങിൻ കുഴിയുടെ മുകളിൽ നിന്ന് നാസർ ചെർക്കളം തൈ എടുത്തുകൊടുത്താണ് തൈ നടൽ കർമം നടത്തിയത്. തുടർന്ന് അദ്ദേഹം തൈക്ക് വെള്ളം ഒഴിച്ചു.
ചെർക്കളം അബ്ദുല്ലയുടെ മകന്റെ കല്യാണത്തിന് 2004 ൽ ഇതേ വീട്ടിൽ സുരേഷ് ഗോപി വന്നിരുന്നു. അന്ന് സംയുക്ത ഖാസി ടി കെ എം ബാവ മുസ്ലിയാർ കാർമികത്വം വഹിച്ച നിക്കാഹ് വേദിയിൽ സുരേഷ്ഗോപിയും സന്നിഹിതനായിരുന്നു. അന്ന് സുരേഷ്‌ഗോപിയെ കാണാന് സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു .
ചെർക്കളത്തിന്റെ വീട്ടുകാരുമായി കഴിഞ്ഞ 20 വർഷത്തിൽ കൂടുതൽ ഉള്ള ആത്മബന്ധമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഇതിനിടയിലാണ് നാളികേര വികസന ബോർഡ് മെമ്പറായ അദ്ദേഹം അനുശോചന സന്ദർശനവും തെങ്ങിൻ തൈ നടലും ഒരുമിച്ചാക്കി വീട്ടിലേക്ക് കടന്നുവന്നത്. ചടങ്ങ് കഴിഞ്ഞതോടെ മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയെ വളഞ്ഞെങ്കിലും കൂടുതലൊന്നും പറയാതെ കടന്നുപോയി. അതേസമയം കാസർകോട് ആരോഗ്യ രംഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എയിംസ് കാസർകോട് സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് നാസർ ചെർക്കളം നിവേദനവും നൽകിയിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, നേതാക്കളായ സുധാമ ഗോസാഡ, പി രമേശ്, പി ആർ സുനിൽ തുടങ്ങിയവരും പരിപാടിയിൽ സജീവമായി രംഗത്തുണ്ടായിരുന്നു .