തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളിയിൽ ബിജെപി സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകൾ നടന്നപ്പോൾ നടൻ സുരേഷ് ഗോപിയുടെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ, ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കും താൽപ്പര്യമില്ലാത്തതിനാൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായില്ല. ഇതിനിടെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി താരത്തെ നിയമിച്ചുവെന്ന വാർത്തയും പുറത്തുവന്നു. അരുൺ ജെയ്‌ല്റ്റി അടക്കമുള്ള നേതാക്കളുമായി താരം നേരിട്ടു സംസാരിച്ചെങ്കിലും ഇതുവരെ അന്തിമ ഉത്തരവ് പുറത്തുവന്നിട്ടില്ല. ഇങ്ങനെയിരിക്കെയാണ് അരുവിക്കരയിൽ പ്രചരണവും ചൂടുപിടിച്ചത്. ഒ രാജഗോപാലിനെ രംഗത്തെത്തിച്ച് ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച ബിജെപി നേതാക്കൾ എന്നാൽ വോട്ടു പിടിക്കാൻ സുരേഷ് ഗോപിയെ കളത്തിലിറക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞതാകട്ടെ കേന്ദ്രനേതൃത്വം പറയട്ടെ എന്നാണ്. നരേന്ദ്ര മോദിയോ അമിത് ഷായോ പറയണം എന്നായിരുന്നു താരം ഉദ്ദേശിച്ചത്. എന്തായാലും ഇതോടെ കൂടി ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ അകറ്റി നിർത്തിയിരിക്കയാണ്.

കേന്ദ്ര സഹമന്ത്രി സ്ഥാനത്തിന് തുല്യമായ എൻഎഫ്ഡിസി ചെയർമാൻ സ്ഥാനത്ത് സുരേഷ് ഗോപി എത്തിയതിലുള്ള അതൃപ്തി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കുണ്ട്. അരുവിക്കരയിലെ സ്ഥാനാർത്ഥിയായ ഒ രാജഗോപാലിനും ഇക്കാര്യത്തിൽ താരത്തോട് പരിഭവമുണ്ട്. ബിജെപിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന മുതിർന്ന നേതാവിന് ഗവർണർ സ്ഥാനം പോലും നൽകാൻ കേന്ദ്രനേതൃത്വം തയ്യാറായിരുന്നില്ല. ഇതിനെടിയാണ് മോദിയെ മണിയടിച്ചതു കൊണ്ട് മാത്രം സുരേഷ് ഗോപിക്ക് എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം നൽകിയത്. കേന്ദ്ര സെൻസർ ബോർഡ് അംഗങ്ങളെ നിയമിക്കുന്ന വേളയിൽ സംസ്ഥാനം നേതൃത്വം നൽകിയ ലിസ്റ്റും കേന്ദ്രം പരിഗണിച്ചിരുന്നില്ല. ഇങ്ങനെയുള്ള സ്ഥിതിയിലാണ് സംസ്ഥാന നേതാക്കൾ അരുവിക്കരയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാൻ മടിക്കുന്നത്.

നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചരണം നടത്താൻ സുരേഷ് ഗോപിക്ക് താൽപ്പര്യമുണ്ട്. എന്നാൽ, നേതാക്കൾ കനിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങാൻ താരം തയ്യാറാണ്. എന്നാൽ, വി മുരളീധരനോ മറ്റ് നേതാക്കളോ ആവശ്യം ഉന്നയിക്കുന്നില്ലെന്നതാണ് താരത്തിന്റെ പ്രധാന പ്രശ്‌നം. അരുവിക്കരയിൽ മത്സരിക്കുന്നത് ജി കാർത്തികേയന്റെ മകനും വിഎസിന്റെ അനുയായി ആയ വിജയകുമാറുമാണ്. അതുകൊണ്ട് തന്നെ ഇവരെ എതിർത്തുകൊണ്ട് പ്രചരണം നടത്താൻ സുരേഷ് ഗോപി അശക്തനാണ്. അതുകൊണ്ടാണ് കേന്ദ്രനേതാക്കൾ ആവശ്യപ്പെടട്ടെ എന്ന നിലപാട് സ്വീകരിച്ചത്. ഇതോടെ സംസ്ഥാന നേതൃത്വവും താരത്തെ കൈവിട്ടു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ രാജഗോപാൽ ജയിച്ചാൽ വികസനത്തിന്റെ മാജിക്ക് സംഭവിക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്ത്് സജീവമാകാനുള്ള ആഗ്രഹം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഒ രാജഗോപാലിനുള്ള അനിഷ്ടം കൂടിയാണ് സുരേഷ് ഗോപിയെ പ്രചരണ രംഗത്തിറക്കാതിരിക്കാൻ കാരണമെന്നും കേൾക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളേക്കാൾ കേന്ദ്രത്തിൽ പിടിയുള്ള നേതാവായി സുരേഷ് ഗോപി മാറിക്കഴിഞ്ഞു. അതുകൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാത്തവർക്ക് കടുത്ത അതൃപ്തിയാണ്. അതേസമയം ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ സൂപ്പർ താരം സുരേഷ് ഗോപി എത്തുമോ എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സുരേഷ് ഗോപി അരുവിക്കരയിൽ പ്രചാരണത്തിന് എത്തുമെന്ന തരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.

തിരുവനന്തപുരത്ത് സിനിമ ചിത്രീകരണത്തിനായി എത്തിയ മമ്മൂട്ടിയെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ സന്ദർശിച്ചിരുന്നത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥനും മമ്മൂട്ടിയെ സന്ദർശിച്ചു. ഇതിനുശേഷമാണ് മറ്റൊരു സിനിമാതാരമായ സുരേഷ് ഗോപിയുടെ പേര് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് സജീവമായി ഉയർന്നു കേട്ടത്. എന്നാൽ, മറുവശത്ത് ആൾക്കാരെ കൂട്ടി വി എസ് അച്യുതാനന്ദൻ പ്രചരണം നടത്തുമ്പോൾ അച്യുതാനന്ദനെ നേരിടാൻ താരം അശക്തനാണെന്ന വിലയിരുത്തലുമുണ്ട്. താരം മൈക്കെടുത്താൽ വിവാദ പ്രസ്താവനകൾ ഉണ്ടാകുമോ എന്ന ഭയവും അദ്ദേഹത്തെ അടുപ്പിക്കാതിരിക്കാൻ കാരണമായി പറയപ്പെടുന്നു. അതേസമയം ഇടതും നേതാക്കൾ കെപിഎസി ലളിത, ഗണേശ് കുമാർ, മുകേഷ് തുടങ്ങിയവർ വിജയകുമാറിന് വേണ്ടി പ്രചരണ രംഗത്തുണ്ട്.

നടൻ ശ്രീകുമാർ, മധുപാൽ, ഇർഷാദ്, അനൂപ് ചന്ദ്രൻ തുടങ്ങിയ താരങ്ങളും മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഒ രാജഗോപാലിനായി സീരിയൽ താരം അമൃത, കൊല്ലം തുളസിയും തുടങ്ങിയവർ സജീവമാണ്. ചാലക്കുടി എംപിയായ ഇന്നസെന്റും വരും ദിനങ്ങളിൽ വിജയകുമാറിന് വേണ്ടി വോട്ടുചോദിച്ചെത്തും.