ചാരങ്ങളുടെയും വിശ്വാസത്തിന്റെയും പേരിൽ സുരേഷ് ഗോപി - ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. കന്നിമാസത്തിൽ പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതു ശുഭകരമല്ലെന്നു ചൂണ്ടിക്കാട്ടി ചിത്രീകരണത്തിൽ നിന്നു സുരേഷ് ഗോപി പിന്മാറുകയായിരുന്നു.

തുടർന്ന് ദി സ്റ്റേറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് ദി സ്‌റ്റേറ്റ്.

സംവിധായകൻ അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് സുരേഷ് ഗോപി വിശ്വാസപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെയാണ് ചിത്രീകരണം മാറ്റിവച്ചത്. ഷൂട്ടിങ് തുടങ്ങിയാലും ഒരു മാസത്തിന് ശേഷമേ സെറ്റിലെത്തൂ എന്ന് സുരേഷ് ഗോപി അറിയിച്ചതായി സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു.

ചിത്രീകരണം ഇനി തുലാം ആദ്യവാരത്തിൽ തുടങ്ങും. കന്നി മാസമായതിനാൽ മകൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിലും സുരേഷ് ഗോപി ഇടപെട്ടെന്നും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 16ന് ചിങ്ങത്തിലെ അവസാന ദിവസം മകന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ താരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.