തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിക്കെതിരെ കോർപറേഷൻ രംഗത്തെത്തിയിരിക്കുകയാണ്. കോർപറേഷൻ അധീനതയിലുള്ള ശക്തൻ തമ്പുരാൻ നഗറിലെ ശക്തൻ തമ്പുരാൻ പ്രതിമയിൽ അനുമതിയില്ലാതെ ഹാരാർപ്പണം നടത്തിയതിന് നിയമ നടപടി സ്വീകരിക്കുമെന്നാണ് മേയർ എം.കെ. വർഗീസ് അറിയിച്ചിരിക്കുന്നത്. ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരാർപ്പണം നടത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം ആരംഭിച്ചത്.എന്നാൽ പരിപാടി കോർപറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ശക്തൻ പ്രതിമയിൽ മാല ചാർത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് കോർപറേഷൻ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
അതേസമയം ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് എൽഡിഎഫും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമപ്രവർത്തകൻ എം വിനികേഷ് കുമാറിനോട് സുരേഷ് ഗോപി തട്ടിക്കയറുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സുരേഷ് ഗോപിയുടെ ചങ്കൂറ്റം എന്ന പ്രചാരണമാണ് സൈബറിടങ്ങളിൽ. പുന്നപ്ര വയലാർ സ്മാരകത്തിൽ സന്ദീപ് വാചസ്പതി കയറിയതുമായി ബന്ധപ്പെട്ട വിവാദവും സുരേഷ് ഗോപി സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്.

'സഖാവ് നികേഷ് അണ്ണൻ ഒന്ന് ചൊറിഞ്ഞ് നോക്കി. സുരേഷേട്ടൻ കേറി അങ്ങ് മാന്തി...ശക്തൻ പ്രതിമയിൽ മലയിട്ടത് എന്തോ വലിയ രാജ്യദ്രോഹമാണ് എന്ന് പറഞ്ഞ് അലമ്പാൻ നോക്കിയതാണ്...ഒത്തില്ല'-ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ

സുരേഷ് ഗോപി-നികേഷ് കുമാർ ഡയലോഗ് ഇങ്ങനെ:

ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ 'വാക് വിത്ത് കാൻഡിഡേറ്റ്' പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന ചോദ്യം കേട്ട പാടെ നടൻ ക്ഷുഭിതനായി.

നികേഷ് കുമാർ: ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കൾ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ.

സുരേഷ് ഗോപി: പിന്നേ, എന്റെ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വരുന്നതവരെ തച്ചുടയ്ക്കണമെന്ന് തന്നെയാണ് എന്റെ വികാരം.

നികേഷ് കുമാർ: ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്ക്കാൻ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സർക്കാരോ?

സുരേഷ് ഗോപി: സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങൾ അങ്ങ് അനുസരിച്ചോ? നാല് ഫ്ളാറ്റുകൾ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂൾ വിത്ത് മീ നികേഷ്. നോ ഇറ്റ്സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ..........കൊണ്ടുചെന്ന് വലിച്ചു കേറ്റാൻ? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആർ ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്.

നികേഷ് കുമാർ: സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സർക്കാർ നടപ്പിലാക്കുകയല്ലേ ചെയ്തിട്ടുള്ളത്?

സുരേഷ് ഗോപി: ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാൻ. ഈ പൊലീസുകാരൻ വാങ്ങുന്ന ശമ്പളം, ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാൻ കൊടുക്കുന്ന ചുങ്കപ്പണമാണ്.

നികേഷ് കുമാർ: അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്.

സുരേഷ് ഗോപി: അപ്പോൾ എന്റെ അവകാശങ്ങൾ?

നികേഷ് കുമാർ: അവകാശങ്ങൾക്ക് നിങ്ങൾക്ക് സമരം ചെയ്യാമല്ലോ?

സുരേഷ് ഗോപി: നിങ്ങൾക്ക് പുന്നപ്രയിൽ കയറിപ്പോൾ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിയിട്ട് പൂട്ടിയത്.

നികേഷ് കുമാർ: പുന്നപ്ര ഒരു പാർട്ടി പ്രോപ്പർട്ടിയാണ്

സുരേഷ് ഗോപി: ചുമ്മാതിരിക്ക് സർ, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകൾ പൂഴ്‌ത്തിവെച്ചിരിക്കുന്ന ഒരു പാർട്ടി പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും.

ഞാൻ വളരെ ..വെരി സോറി ...വളരെ ഗ്രേസ് ഫുളായിട്ട് ഞാനെന്ന വ്യക്തി...ഞാനെന്ന കലാകാരൻ..ഈ കണ്ടന്റ് ഒന്നും എയർ ചെയ്യപ്പെടാൻ ഉള്ളതല്ല..ഇങ്ങനെ എന്നോട് ചോദിച്ച് കഴിഞ്ഞാൽ എനിക്ക് മറുപടി പറഞ്ഞേ പറ്റൂ..നല്ല തന്തയ്ക്ക് പിറന്നവനാണ് ഞാൻ അതുഞാൻ പറഞ്ഞിരിക്കും. ( നികേഷ് കുമാർ തലകുനിച്ച് ചിരിക്കുന്നു)

വളരെ ഗ്രേസ്ഫുളായിട്ട് ഈ ക്യാമ്പെയിൻ കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്.

സുരേഷ് ഗോപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്. ശക്തൻ പ്രതിമയിൽ മാല ചാർത്തി ആരംഭിച്ച റോഡ് ഷോ സ്വരാജ് റൗണ്ടിലാണ് അവസാനിച്ചത്.

നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലായ്മ സുരേഷ് ഗോപി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്. തൃശൂർ ഇത്തവണ ഇങ്ങെടുക്കില്ലെന്നും ജനം തരുമെന്നുമാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. ന്യൂമോണിയ ബാധിച്ച് താരം നേരത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രി വിട്ടതിന് ശേഷമാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.