തിരുവനന്തപുരം: ശബരിമല പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഇപ്പോഴിത അന്ന് താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് പറയുകയാണ് സുരേഷ്‌ഗോപി.അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റിയിട്ടില്ലെന്നും താൻ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

താൻ റിയൽ ലൈഫിൽ ഒരു പൊലീസ് ഓഫീസറായിരുന്നുവെങ്കിൽ എന്തൊക്കെ ചെയ്യുമെന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.റിയൽ ലൈഫിൽ സുരേഷ് ഗോപി ഒരു പൊലീസുകാരനായിരുന്നുവെങ്കിൽ എന്തൊക്കെയാവും ചെയ്യുക എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റിയിട്ടില്ല. അവരൊന്നും ഒരു കല്ലെറിയുകയോ കുപ്പികഷ്ണമെടുത്ത് എറിയുകയോ ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കിൽ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉപദ്രവിച്ചത്. ഗാന്ധിയൻ മോഡലിലായിരുന്നു അവരുടെ സമരം. ഞാൻ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ.

ജനാധിപത്യത്തിൽ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കിൽ ജനമാണ് ആദ്യത്തെ വാക്ക്.ശബരിമലയുടെ കാര്യത്തിൽ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി,' സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പൻ റിലീസായിരിക്കുകയാണ്. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.ഗോകുൽ സുരേഷും പാപ്പനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.