ചേർത്തല: ശബരിമല സ്ത്രീപ്രവേശന വിഷത്തിൽ തന്റെ നിലപാടു വ്യക്തമാക്കി ബിജെപിയുടെ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതുപോലതന്നെ തുടരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചേർത്തലയിൽ ഒരു ക്ഷേത്രച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് സുരേഷ് ഗോപി നല്കിയിരിക്കുന്നത്. ആചാരങ്ങളും ചിട്ടവട്ടങ്ങളും കൊണ്ട് ആത്മീയ ഔന്നത്യം ഉണ്ടാകുന്ന ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ തന്ത്രിക്കല്ലാതെ മറ്റാർക്കും ആകില്ല. ചിലർ ആചാരങ്ങൾ ഇല്ലാതാക്കാൻ വരുന്നുണ്ട്. ഇത് ചർച്ചയാക്കാൻ പോലും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി സമത്വം ഉദ്ഘോഷിച്ച ശബരില അയ്യപ്പനാണ് ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരനെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിലമയിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ ഏക ബിജെപി പാർലമെന്റ് അംഗമായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് പ്രവേശനം വിലക്കുന്നതിനെതിരെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തത്. അതേസമയം സർക്കാറിന്റെ നിലപാടിനെ തിരുവിതാംകൂർ ദേവസ്വംബോർഡ് എതിർക്കുന്നു.