ന്യൂഡൽഹി: രാജ്യസഭാംഗമായി നടൻ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്യസഭയുടെ നടുത്തളത്തിൽ അധ്യക്ഷൻ ഹമീദ് അൻസാരിയാണു സുരേഷ് ഗോപിക്കു സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇംഗ്ലീഷിൽ ദൈവനാമത്തിലാണു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യസഭാ സെക്രട്ടറിയെയും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാവന, ഭാഗ്യ, മാധവ് എന്നിവരും സത്യപ്രതിജ്ഞ വീക്ഷിക്കാൻ എത്തിയിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തെ ഗുരുവായൂർ ക്ഷേത്രത്തിലേക്കു ക്ഷണിച്ചെന്നു സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ അണിയിച്ച ഷോളാണു ഭാഗ്യം കൊണ്ടുവന്നതെന്നു മോദി പറഞ്ഞതായും സുരേഷ് ഗോപി മാദ്ധ്യമങ്ങളോടു വ്യക്തമാക്കി.

കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പാർലമെന്റ് ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയും മലയാള സിനിമയിൽ നിന്നുള്ള ആദ്യ നടനുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പുറമെ ബിജെപിയുടെ സുബ്രമണ്യൻ സ്വാമി, പത്രപ്രവർത്തകനും ബിജെപി സഹയാത്രികനുമായ സ്വപൻ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുൻ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്‌സിങ് താരം മേരി കോം, മുൻ ക്രിക്കറ്റ് താരവും ലോക്‌സഭയിൽ ബിജെപി മുൻ എംപിയുമായ നവജ്യോത് സിങ് സിദ്ദു എന്നിവരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം.