ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ എംപി പങ്കുച്ചേർന്നു.

രഞ്ജിത്തിന്റെ മക്കളെ ചേർത്തുപിടിച്ച് സമാശ്വസിപ്പിച്ച സുരേഷ് ഗോപി രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാൻ പോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരച്ഛനെന്ന നിലയിൽ കുട്ടികളുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും വീട് സന്ദർശിച്ചതിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നിരവധി തവണ പ്രതികരിച്ചതാണ്, ഒരുപാട് അപേക്ഷിച്ചതാണ്. ഇനിയൊന്നും പറയാനില്ല. ഇനിയാരുടെയെങ്കിലും കാലുപിടിക്കണം എന്നാണെങ്കിൽ അതിനും തയ്യാറാണ്. ഒരു കൊലപാതകത്തിൽപ്പെട്ടയാൾ ഏത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ മുഴുവൻ സമാധാനം ഇല്ലാതാക്കുകയും രാജ്യത്തിന്റെ വളർച്ച കെടുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഈ കൊലപാതകങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന കുട്ടികളുടെ മനോനിലയെ ആണ് ബാധിക്കുന്നത്. വരുംതലമുറയെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ഇതുണ്ടാക്കും. കൊലപാതക സംസ്‌കാരം രാജ്യദ്യോഹപരമാണ്. മനുഷ്യൻ നരമാംസ ഭോജികളായി വീണ്ടും മാറരുതെന്നും വീണ്ടും ആ കാടത്തത്തിലേക്ക് പോകരുതെന്നും സന്ദർശന വേളയിൽ സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.

വിഷയത്തിൽ വി മുരളിധരൻ വീണ്ടും സർക്കാറിനെതിരെ രംഗത്തെത്തി. കേസിലെ പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരൻ വിമർശിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിർദ്ദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനൽ സ്വഭാവുമുള്‌ല വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ പാർട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണമെന്നും പറഞ്ഞ വി.മുരളീധരൻ ഒരു സംഘടനയിൽ പെട്ടു എന്നതുകൊണ്ട് ആർ എസ് എസ്‌കാർ ക്രിമിനൽ ലിസ്റ്റിൽ പെടുമോയെന്നും ചോദിച്ചു.
രൺജിത്ത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു.

അതേസമയം കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയിൽ നിന്നും മറ്റുള്ള ജില്ലകൾ വഴി പ്രതികൾ രക്ഷപ്പെട്ടെന്ന വിവരം പൊലീസിന്റെ ജാഗ്രതക്കുറവിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.രൺജിത്തുകൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോൾ കൊലപാതകത്തിൽ പങ്കാളികളായ 12 പേരേയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നും വലിയ രീതിയിൽ സഹായം ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

ആദ്യം തമിഴ്‌നാട്ട് കേന്ദ്രീകരിച്ച് പ്രതികൾക്കായി നടത്തിയ അന്വേഷണം ഇപ്പോൾ കർണാടകയിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണടക്കം ഡിജിറ്റൽ തെളിവുകളൊന്നുമില്ലാതെയാണ് രൺജിത്ത് വധക്കേസിൽ ആസൂത്രണം നടന്നതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പ്രതികളെ എല്ലാവരേയും തിരിച്ചറിയാൻ സാധിച്ചെങ്കിലും കൊലപാതകത്തിന് ശേഷമുള്ള ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ഇതു തടസമായി.

എന്നാൽ ഷാൻ വധക്കേസിൽ അന്വേഷണം അതിവേഗം മുന്നോട്ട് പോകുകയാണ്. പ്രധാന പ്രതികളെല്ലാം ഇതിനോടകം പിടിയിലാവുകയും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇനിയൊരാളെ കൂടി ഷാൻ വധക്കേസിൽ പിടിക്കാനുണ്ട് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.