- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിയിട്ടാൽ എന്തുമാകാം എന്ന ധാരണ തെറ്റാണ്; ഗൗരിയെപ്പോലുള്ള പെൺകുട്ടികൾ വളർന്നു വന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ല; അനീതിയെ ചോദ്യം ചെയ്ത 'സിങ്കക്കുട്ടി'യെ നേരിൽ കാണാൻ എത്തി ആക്ഷൻ ഹീറോ; അനീതി കണ്ടാൽ ഇനിയും പ്രതികരിക്കണമെന്ന് ഗൗരിനന്ദക്ക് ഉപദേശം
ചടയമംഗലം: വെള്ളിത്തിരയിൽ കാക്കി വേഷത്തിൽ ഏറ്റവും കൂടുതൽ അനീതിക്കാർക്കെതിരെ പോരാടിയ താരമാണ് സുരേഷ് ഗോപി. ഒരർത്ഥത്തിൽ പറഞ്ഞാൽ കേരളാ പൊലീസിന്റെ ബ്രാൻഡ് അംബാസിഡർ. സുരേഷ് ഗോപി വെള്ളിത്തിരയിൽ പകർന്നാടിയത് നീതിമാന്മാരായ പൊലീസുകാരുടെ വേഷങ്ങളിലായിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപിക്ക് പൊലീസ് മുറകളോട് ഇപ്പോൾ പഴയതു പോലെ പഥ്യമില്ല. അതുകൊണ്ടു കൂടിയാണ് അദ്ദേഹം പൊലീസിനെ നേർക്കുനേർ നിന്നു ചോദ്യം ചെയ്ത ഗൗരിനന്ദയെ അഭിനന്ദിച്ചു രംഗത്തുവന്നത്.
കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് മധ്യവയസ്കന് പൊലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി നേരത്തെ രംഗത്തുവന്നിരുന്നു. ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതിന് പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗൗരിനന്ദയുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്. ഗൗരിക്ക് പിന്തുണയുമായാണ് താരം എത്തിയത്.
ഗൗരിയെപ്പോലുള്ള പെൺകുട്ടികൾ വളർന്നു വന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കാക്കിയിട്ടാൽ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും അനീതി കണ്ടാൽ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരി നന്ദയോട് പറഞ്ഞു. അപ്രതീക്ഷിതമായി താരം വീട്ടിൽ എത്തിയ അമ്പരപ്പിലായിരുന്നു ഗൗരിയും.
ബാങ്കിൽ ക്യൂ നിന്ന ഇളമ്പഴന്നൂർ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് സാമൂഹിക അകലം പാലിച്ചില്ല എന്നപേരിലാണ് ചടയമംഗലം പൊലീസ് പിഴ ചുമത്തിയത്. ഇത് പതിനെട്ടുകാരിയായ ഗൗരി നന്ദ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ ഗൗരിനന്ദ പ്രതികരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സംഭവത്തെത്തുടർന്ന് ഗൗരി നന്ദയ്ക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചടയമംഗലം പൊലീസ് കേസ് എടുത്തിരുന്നു.
അതിനിടെ പൊലീസ് തന്നെ അപമാനിച്ചു എന്നു ചൂണ്ടിക്കാട്ടി ഗൗരിനന്ദ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അതുകൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നും ഗൗരി നന്ദ വ്യക്തമാക്കി.
വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. അമ്മയ്ക്കും പുനലൂർ എംഎൽഎ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടി. കൺമുന്നിൽ കണ്ട അനീതിയെ ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണ് പെൺകുട്ടിയുടെ പക്ഷം.
മറുനാടന് മലയാളി ബ്യൂറോ