ന്യൂഡൽഹി: പാർലമെന്റിലേക്ക് ആദ്യമായി പ്രവേശിക്കാനെത്തിയ നരേന്ദ്ര മോദിയെ ഓർമിപ്പിച്ച് നടൻ സുരേഷ് ഗോപിയുടെ പാർലമെന്റ് പ്രവേശനം. പടിക്കെട്ടിൽ കാൽതൊട്ടു വന്ദിച്ചശേഷമാണു നടൻ സഭയ്ക്കുള്ളിലേക്കു കയറിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരമുറപ്പിച്ച മോദി സഭയിലെത്തിയപ്പോൾ ഇതുപോലെ പടിക്കെട്ടിൽ തൊട്ടുവന്ദിച്ചശേഷമാണ് ഉള്ളിലേക്കു കയറിയത്. കണ്ണീർ വാർത്തുള്ള മോദിയുടെ വികാരപ്രകടനം മാദ്ധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു.

ഇതിനെ ഓർമിപ്പിക്കുംവിധമായിരുന്നു സുരേഷ് ഗോപിയുടെ പ്രവേശനവും. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തിരിച്ചുവന്ന് മറുപടി നൽകാമെന്ന് പറഞ്ഞ് കൈ കാണിച്ചാണു താരം പാർലമെന്റ് പടിക്കലേക്കു പോയത്. പ്രാർത്ഥനയോടെ മൂന്ന് തവണ പാർലമെന്റ് പടി തൊട്ട് വന്ദിച്ച് വലത് കാൽ വച്ച് പാർലമെന്റിലേക്കു കയറുകയായിരുന്നു സുരേഷ് ഗോപി.

രാഷ്ട്രപതി നോമിനേറ്റു ചെയ്ത രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായാണ് സുരേഷ് ഗോപി പാർലമെന്റിലെത്തിയത്. എന്നാൽ, താരത്തെ സ്വീകരിക്കാൻ അവിടെ പ്രമുഖ ബിജെപി അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാവായ വയലാർ രവിയാണ് സുരേഷ് ഗോപിയെ സ്വീകരിക്കാൻ എത്തിയവരിൽ പ്രമുഖൻ.

രാജ്യസഭാധ്യക്ഷൻ പി ജെ കുര്യനെ കണ്ട സുരേഷ് ഗോപി അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിക്കുകയും ചെയ്തു. തിരികെ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയ നടൻ ഇന്ദിര ഗാന്ധിയുടെ കാലത്തെ കെ കരുണാകരന്റെയും കേന്ദ്രമന്ത്രിയായിരുന്നപ്പോഴത്തെ ഒ രാജഗോപാലിന്റെയും പ്രവർത്തനങ്ങളാണ് മാതൃകയെന്നു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.