തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയിൽ സൂപ്പർ താരം സുരേഷ് ഗോപി ബിജെപിയുടെ മുഖ്യപ്രചാരകനാകുമോ? തെരഞ്ഞെടുപ്പു പ്രചാരണത്തേക്കാൾ പ്രാധാന്യം സിനിമയ്ക്കാണെന്നു പറയുമ്പോഴും എല്ലാം പാർട്ടി തീരുമാനിക്കുമെന്ന നിലപാടിലാണ് സുരേഷ് ഗോപി.

അരുവിക്കരയിലെ കാര്യം തീരുമാനിക്കുന്നത് ജനമാണെന്നും സിനിമയ്ക്ക് ഒരു ദേശീയനയം ഉണ്ടാക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും സുരേഷ് ഗോപി തിരുവനന്തപുരത്തു പറഞ്ഞു. ബിജെപി സർക്കാർ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ തലവനായി തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

അരുവിക്കരയിൽ പ്രചരണത്തിന് ഇറങ്ങണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാർട്ടിയിലെ മുതിർന്ന നേതാക്കളാണ്. അരുവിക്കര മണ്ഡലത്തിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം പ്രസക്തമല്ല. അതൊക്കെ പരിചയ സന്നന്നരായ പാർട്ടി നേതാക്കളാണു തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാകാൻ കേന്ദ്രസർക്കാരിനെ സമ്മതം അറിയിച്ചതായി സുരേഷ് ഗോപി വെളിപ്പെടുത്തിയത്. എന്നാൽ എൻഎഫ്ഡിസി ചെയർമാൻ എന്ന നിലയിൽ ചില പ്രോട്ടോക്കോളുകളൊക്കെ നോക്കിയേ പ്രവർത്തിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർഥൻസിങ് റാത്തോഡ് എന്നിവരുമായി ഡൽഹിയിൽ ഇക്കാര്യം സംസാരിച്ചിരുന്നെങ്കിലും നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല.

താരത്തിന്റെ ഫേസ്‌ബുക്ക് പേജിന് പത്തു ലക്ഷം ലൈക്ക് ആയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പുതിയ പ്രവർത്തനങ്ങളിലേയ്ക്കു കടക്കാനുള്ള പിന്തുണ ഫേസ്‌ബുക്കിലൂടെയും സുരേഷ്‌ഗോപി അഭ്യർത്ഥിച്ചിരുന്നു. ഇതിനിടയിലാണ് അരുവിക്കരയിൽ താരം പ്രചരണത്തിനായി ഇറങ്ങുമെന്ന വാർത്തകളും പുറത്തു വന്നത്. ബിജെപി ഇതുവരെ അരുവിക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രചാരണത്തിന് കരുത്തേകാൻ സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്ന ധ്വനിയാണ് സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.