ന്യൂഡൽഹി: സുരേഷ് കൽമാഡി വീണ്ടും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തുമ്പോൾ വിവാദവും തുടങ്ങുന്നു. ഈ നിയമനത്തെ കേന്ദ്രസർക്കാർ അംഗീകരിക്കാത്തതാണ് ഇതിന് കാരണം. കേന്ദ്ര കായികമന്ത്രാലയം പരസ്യമായി തന്നെ കൽമാഡിയുടെ നിയമനത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. അസോസിയേഷന്റെ ലൈഫ് പ്രസിഡന്റ് സ്ഥാനത്തേക്കാണു കൽമാഡിയെ തിരഞ്ഞെടുത്തത്. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽപ്പെട്ട അഭയ്‌സിങ് ചൗട്ടാലയെയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു പേരേയും അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

കൽമാഡിയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷ (ഐഒഎ) ന്റെ ആജീവനാന്ത പ്രസിഡന്റായി നിയമിച്ചത്. 150 പേർ പങ്കെടുത്ത കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. എല്ലാ അംഗങ്ങളും കൽമാഡിയുടെ നിയമനം അംഗീകരിച്ചു. 90 കോടിയുടെ അഴിമതിക്കേസിൽ കഴിഞ്ഞദിവസം കൽമാഡിക്ക് പാർലമെന്റ് ഓഡിറ്റ് കമ്മിറ്റി ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതേതുടർന്നാണ് കൽമാഡിയെ തിടുക്കത്തിൽ നേതൃസ്ഥാനത്ത് അവരോധിച്ചതെന്നാണ് ഐഒഎയുടെ നിലപാട്.

2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിവിവാദങ്ങളിൽപ്പെട്ട സുരേഷ് കൽമാഡിക്ക് ഐ.ഒ.എ നേതൃത്വത്തിൽനിന്നു പുറത്തുപോകേണ്ടിവന്നിരുന്നു. മുൻ കോൺഗ്രസ് നേതാവ് കൂടിയായ കൽമാഡി. ഈ കേസുമായി ബന്ധപ്പെട്ട് സുരേഷ് കൽമാഡി ജയിലിലാവുകയും പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു. കോമൺവെൽത്ത് ഗയിംസുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൽമാഡിയെ ചോദ്യംചെയ്തിരുന്നു.

ഗെയിംസുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അനധികൃതമായി കരാറുകൾ നൽകിയെന്നും കൽമാഡിയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. കൽമാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഐഒഎയ്ക്ക് കേന്ദ്രത്തിന്റെ പിന്തുണ കിട്ടില്ലെന്നും ഉറപ്പായി. ഇത് കായികതാരങ്ങൾക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും. ഐഒഎയിലുള്ള ശക്തി തെളിയിക്കാൻ കൽമാഡി അധികാരം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ.

എല്ലാ അംഗങ്ങളും ഇതിന് പിന്തുണച്ചതും കേന്ദ്രത്തിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രവും കേന്ദ്രം ആലോചിക്കുന്നുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.