ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയം ഇടഞ്ഞതോടെ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷ(ഐഒഎ)ന്റെ ആജീവനാന്ത പ്രസിഡന്റായുള്ള നിയമനം സുരേഷ് കൽമാഡി നിരസിച്ചു. കൽമാഡിയെ ആജീവനാന്ത പ്രസിഡന്റാക്കിയ അസോസിയേഷന്റെ നടപടിയിൽ കായികമന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് നിയമനം നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചത്.

'ആജീവനാന്ത അധ്യക്ഷ പദവിയിലേക്ക് നിർദ്ദേശിച്ച ഐഒഎയ്ക്കു എല്ലാ നന്ദിയുമറിയിക്കുന്നു. എന്നാൽ ഇപ്പോൾ അത് അംഗീകരിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ കരുതുന്നില്ല. എന്റെ പേരിലുള്ള ആരോപണങ്ങൾ തള്ളിക്കളയപ്പെടുമെന്ന് എനിക്കുറപ്പാണ്. അതുവരെ ഈ സ്ഥാനം ഏറ്റെടുക്കുന്നില്ല'- കൽമാഡി അറിയിച്ചു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ചെന്നൈയിൽ ചേർന്ന വാർഷിക ജനറൽ മീറ്റിങ്ങിലാണ് കൽമാഡിയേയും മുൻ പ്രസിഡന്റ് അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത അധ്യക്ഷ പദവിയിലേക്കു നിയമിച്ചത്. എന്നാൽ തീരുമാനം പുറത്തുവന്നതിനു പിന്നാലെ അസോസിയേഷന്റെ നീക്കത്തിനെതിരെ എതിർപ്പു ശക്തമായി. കൽമാഡിയെ തൽസ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കിൽ അസോസിയേഷനുമായി സഹകരിക്കില്ലെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു. രണ്ടുപേർക്കുമെതിരെ അഴിമതിക്കേസുകളുണ്ട്. കായിക മേഖലയിൽ സുതാര്യതയാണ് ആവശ്യമെന്നും കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ശക്തി തെളിയിക്കാൻ കൽമാഡി അധികാരം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് കേന്ദ്ര കായിക മന്ത്രാലയം വിലയിരുത്തുന്നത്. എല്ലാ അംഗങ്ങളും ഇതിന് പിന്തുണ നല്കിയതും കേന്ദ്രത്തിനെ അമ്പരപ്പിച്ചു.

മുൻ കോൺഗ്രസ് നേതാവു കൂടിയായ കൽമാഡി 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ അഴിമതിയുടെ പേരിൽ പത്തു മാസക്കാലം ജയിൽവാസമനുഭവിക്കുകയും തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. 2011 വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായിരുന്നു. കോമൺവെൽത്ത് ഗെയിംസ് അഴിമതിവിവാദങ്ങളിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് പ്രസിഡന്റു സ്ഥാനം നഷ്ടമായത്.

കോമൺവെൽത്ത് ഗയിംസുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൽമാഡിയെ ചോദ്യംചെയ്തിരുന്നു. ഗെയിംസുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അനധികൃതമായി കരാറുകൾ നൽകിയെന്നും കൽമാഡിയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു.