- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജീവിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായി തന്നെ'; കണ്ണൂരിൽ സിപിഎമ്മിന് വെല്ലുവിളി ഉയർത്തിയ വയൽക്കിളികളുടെ നേതാവ് ഇനി സിപിഐക്കാരൻ; സുരേഷ് കീഴാറ്റൂർ സിപിഐയിലേക്കെത്തുമ്പോൾ മുന്നണി സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന ചർച്ചകളും സജീവം
തളിപ്പറമ്പ്: വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്. സുരേഷുമായി ചർച്ചകൾ നടത്തിയെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. കമ്യൂണിസ്റ്റ്കാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് സുരേഷ് സിപിഐയിലേക്ക് എത്തുന്നത്. സിപിഎമ്മിൽ വിത ശബ്ദമുയർത്തി പുറത്ത് പോയ സുരേഷ് കീഴാറ്റൂർ സിപിഐയുടെ ഭാഗമാകുന്നത് കണ്ണൂരിലെ മുന്നണി സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.
ദേശീയപാത ബൈപ്പാസ് റോഡിനായി വയൽ നികത്തുന്നതിനെതിരെ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള വയൽക്കിളികൾ കഴിഞ്ഞ കുറെക്കാലമായി നടത്തി വരുന്ന കർഷക സമരം ദേശീയ മാധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കമ്യൂണിസ്റ്റ്കാരുടെ പാർട്ടി ഗ്രാമമായിരുന്നു കീഴാറ്റൂർ. രണ്ട് വർഷം മുമ്പ് വരെ കീഴാറ്റൂർ എന്ന ഗ്രമാത്തിൽ കർഷകരും കർഷക തൊഴിലാളികളും ചെങ്കൊടിക്കു കീഴിൽ അണിനിരന്നവരായിരുന്നു. എന്നാൽ കീഴാറ്റൂർ വഴി ദേശീയ പാത ബൈപാസ് കൊണ്ടു പോകുമെന്ന തീരുമാനമായപ്പോൾ ഈ ഗ്രാമത്തിൽ കർഷകർ ഒത്തു കൂടി അതിനെ ചെറുക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കീഴാറ്റൂർ വയൽ വഴി ദേശീയ പാത കൊണ്ടു പോകുന്നതിനെ സിപിഎം. ന്റെ ബ്രാഞ്ച് നേതാക്കൾ അടക്കമുള്ളവർ എതിർക്കാൻ രംഗത്തിറങ്ങി. 11 സിപിഎം ബ്രാഞ്ച് നേതാക്കളാണ് ഈ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. ആദ്യം സർവ്വേ നടത്തിയ അലൈന്മെന്റുകൾ രണ്ടും മാറ്റി അതുമായി ബന്ധമില്ലാത്ത കീഴാറ്റൂർ വയലിലേക്ക് സർവ്വേ നടത്തിയതിന് പിന്നിൽ പാർട്ടിയിലെ തന്നെ ചില ഉന്നതരുണ്ടായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.
എൺപതുകളിൽ തളിപ്പറമ്പ് നഗരത്തിലൂടെയായിരുന്നു സർവ്വേ നടത്തിയത്. എന്നാൽ പത്ത് വർഷം കഴിഞ്ഞപ്പോൾ ഈ സർവ്വേ മാറ്റി തളിപ്പറമ്പ് പൂക്കോത്ത് തെരുവുവഴി ആക്കി. അപ്പോഴും ശക്തമായ എതിർപ്പുണ്ടായി. അതിനും സിപിഎം. നേതാക്കൾ തന്നെയാണ് നേതൃത്വം നൽകിയത്. തുടർന്ന് സർക്കാർ പുറമ്പോക്ക് ഭൂമിയും കുറഞ്ഞ വീടുകളും മാത്രം നഷ്ടപ്പെടുന്ന സ്ഥലത്തേക്ക് നിർദ്ദേശം വന്നു. എന്നാൽ ഇത് പരിഗണിക്കാതെ കീഴാറ്റൂരിൽ തന്നെ ദേശീയ പാത ലക്ഷ്യമിടുകയായിരുന്നു. കീഴാറ്റൂർ വയൽ സമരം സിപിഎം. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ തന്നെ ശക്തമായപ്പോഴാണ് ജില്ലാ നേതൃത്വം ഇതിനെ തള്ളിപ്പറഞ്ഞത്. പാർട്ടി പ്രാദേശിക നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വം പുറത്താക്കൽ നടപടി സ്വീകരിച്ചു. അതോടെ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാവുകയായിരുന്നു.
സമരത്തെ തള്ളിപ്പറഞ്ഞ ശേഷം സിപിഎം. ജില്ലാ സെക്രട്ടറി തന്നെ സമരക്കാരുടെ വീടുകളിൽ പോയി അനുരഞ്ജനത്തിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ അത് ഫലവത്തായില്ല. ജില്ലയിലെ സിപിഎം. നേതൃത്വവും കോൺഗ്രസ്സ് നേതൃത്വവുമൊക്കെ സമരത്തിന്റെ ഒരോ ഘട്ടത്തിലും സമരക്കാരുമായി ചർച്ച ചെയ്തിരുന്നു. സിപിഐ സമരക്കാർക്കൊപ്പം സമരത്തിൽ പങ്കാളിയാവുകയും ചെയ്തു. ഇത് സിപിഎം. ന്റെ കടുത്ത വിമർശനങ്ങൾക്ക് പാത്രമാവുകയുണ്ടായി.
അതിനിടെയാണ് ബിജെപി കീഴാറ്റൂർ സമരത്തിലെത്തുന്നത്. ജില്ലാ നേതാക്കൾ കീഴാറ്റൂർ വയലിലെത്തി വയൽക്കിളികളെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ പാത വയലിലൂടെ കൊണ്ടു പോകില്ലെന്ന് അവർ ആവർത്തിച്ചു പറഞ്ഞു. സിപിഎം പാർട്ടി ഗ്രാമത്തിൽ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമെല്ലാമെത്തി. ഒടുവിൽ നന്ദി ഗ്രാമിൽ സമരനേതൃത്വം വഹിച്ച ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുൽ സിൻഹയും എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ