കൊച്ചി: സിനിമാ റിലീസിങ്ങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രം ലിബർട്ടി ബഷീറെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. മലയാള സിനിമാ റിലീസിങ്ങുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം താനാണെന്ന ലിബർട്ടി ബഷീറിന്റെ പ്രസ്താവന തലയ്ക്ക് വെളിവില്ലാത്തതിനാലാണെന്ന് സുരേഷ്‌കുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവയിൽ സുരേഷ്‌കുമാരിന്റെ മകൾ കീർത്തി സുരേഷാണ് നായിക.ആ ചിത്രത്തിനായി മറ്റ് ചിത്രങ്ങൾ മുടക്കുന്നു എന്ന് പറയുന്നത് എത്ര ബുദ്ധിയുള്ളത്കൊണ്ടാണെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ ഇവിടെ സൂപ്പർ താരങ്ങൾ പോലും അവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാറില്ല. വിജയ് ചിത്രങ്ങൾ റിലീസ് ലഭിക്കുവാനായി തീയറ്ററുകൾ തമ്മിൽ പിടിവലിയാണ്. യുവതാരങ്ങളുടേയോ പുതുമുഖങ്ങളുടേയോ ചിത്രമായിരുന്നുവെങ്കിൽ ബഷീറിന്റെ ആരോപണത്തിന് എന്തെങ്കിലും കഴമ്പുണ്ടായേനെയെന്നും സുരേഷ്‌കുമാർ പറഞ്ഞു.

ലിബർട്ടി ബഷീറിനെപ്പോലെയുള്ളവർ പറയുന്നതിന് അമിത പ്രാധാന്യം നൽകി ഉയർത്തിക്കാണിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഷീറിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച് തുടങ്ങിയാൽ പിന്നെ അതിനെ സമയമുണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അതിനൊന്നും താത്പര്യമില്ലെന്നും അതൊക്കെ വൈകാതെ പുറംലോകം അറിയുമെന്നും അദ്ദേഹം പറയുന്നു. കലയെക്കുറിച്ച് ഒന്നുമറിയാതെ കച്ചവട താൽപര്യം മാത്രം മുൻനിർത്തി സിനിമയെ സമീപിക്കുന്നയാളാണ് ലിബർട്ടി ബഷീറെന്നാണ് സുരേഷ്‌കുമാറിന്റെ വിശദീകരണം. പരസ്പരം ഏറ്റുമുട്ടലിന്റെ പാതയിലാണ് നിർമ്മാതാക്കളുടെ സംഘടനും തിയേറ്റർ ഉടമകളുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പുതിയ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട തർക്കം ഉടനൊന്നും ഒത്തുതീർപ്പിലെത്തില്ലെന്നാണ് സൂചന.

നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ് സിനിമ സമരത്തിന് കാരണമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന വിജയ് ചിത്രം ഭൈരവയിൽ സുരേഷ്‌കുമാറിന്റെ മകൾ കീർത്തി സുരേഷാണ് നായിക. സിനിമ സമരം തീർന്നാൽ ഈ ചിത്രത്തിന് 75 തീയറ്ററുകൾ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാൽ ഭൈരവ 225 തീയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയുമെന്നും അതിന്റെ ഗുണം മകൾക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് സുരേഷ്‌കുമാർ പ്രവർത്തിക്കുന്നതെന്നും ലിബർട്ടി ബഷീർ നേരത്തെ ആരോപിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിന്റെ പ്രതികരണങ്ങൾ.

സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്‌കുമാർ സംഘടനയെ വഞ്ചിക്കുകയാണ്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിൽ പെട്ട പലരും ചിത്രം റിലീസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. നിർമ്മാതാക്കളും വിതരണക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന് എ ക്ലാസ് തീയറ്റർ ഉടമകളും പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖല പൂർണ സ്തംഭനത്തിലേക്ക്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയിൽ ചേർന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. ബദൽ മാർഗങ്ങൾ സ്വീകരിച്ച് തീയറ്ററുകൾ പ്രവർത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റർ ഉടമകളുടെ തീരുമാനം.

80 ശതമാനത്തോളം തിയറ്റർ ഉടമകളും പഴയ വ്യവസ്ഥ പ്രകാരമുള്ള വിഹിതത്തിൽ സിനിമ പ്രദർശിപ്പിക്കാൻ തയാറാണ്. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഏതാനും ഉടമകൾ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. തീയറ്റർ ഉടമകൾ സമവായത്തിന് തയാറാവാത്തതു മൂലം ഈ ക്രിസ്മസ് സീസണിൽ മലയാള സിനിമക്ക് 20 കോടിയുടെ നഷ്ടമുണ്ടായി. സിനിമകളുടെ തീയറ്റർ വിഹിതം 50 ശതമാനം അനുപാതത്തിൽ വീതിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സുരേഷ് കുമാർ പറയുന്നു.

നിലവിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾ തിയറ്ററുകളിൽനിന്ന് പിൻവലിക്കാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. വരുമാനവിഹിതത്തെ ചൊല്ലി എ ക്‌ളാസ് തിയറ്റർ ഉടമ സംഘടനയുമായുണ്ടായ തർക്കംമൂലം പുതിയ ചിത്രങ്ങളുടെ റിലീസിങ് നിർത്തിവച്ചതിന്റെ തുടർച്ചയായാണ് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് കടുപ്പിച്ചത്. അതേസമയം, ഇക്കാരണത്താൽ തിയറ്ററുകൾ അടച്ചിടില്‌ളെന്നും നിരവധി അന്യഭാഷ ചിത്രങ്ങൾ റിലീസിങ്ങിനായുണ്ടെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ലിബർട്ടി ബഷീറും പ്രതികരിച്ചു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാതെ ക്രിസ്മസ് കടന്നുപോയത്.

വരുമാന വിഹിതത്തെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ മന്ത്രി എ.കെ. ബാലൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ റിലീസിങ് നിർത്തിവെക്കാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു. സമരത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗമാണ് പുതിയ തീരുമാനമെടുത്തത്. പുലി മുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനുമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ. അതേസമയം, ചില എ ക്‌ളാസ് തിയറ്ററുകളടക്കം വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പുനൽകുകയാണെങ്കിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു.

റിലീസിങ് നടക്കാത്തതുമൂലം പുതിയ ചിത്രങ്ങൾക്ക് 5-6 കോടി വീതം നഷ്ടമുണ്ടായിട്ടുണ്ട്. 30 ശതമാനം വീതം വിനോദ നികുതിയിനത്തിലും നഷ്ടം സംഭവിച്ചു. അതിനിടെ നിലവിലെ സിനിമകൾ പിൻവലിച്ചാൽ പ്രദർശിപ്പിക്കാൻ നിരവധി അന്യഭാഷ ചിത്രങ്ങളുണ്ടെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ജനുവരി 12ന് വിജയിന്റെയും സൂര്യയുടെയും പുതിയ തമിഴ് ചിത്രങ്ങൾ റിലീസാവും. ഷാറൂഖ് ഖാന്റെയും ഋത്വിക് റോഷന്റെയും ഹിന്ദി ചിത്രങ്ങളുമത്തെും. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സമ്മർദം തങ്ങളെ ബാധിക്കില്ല. വ്യാഴാഴ്ച കൊച്ചിയിൽ ചേരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം ഭാവികാര്യങ്ങൾ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.