വാഷിങ്ടൺ: യു,എസ് സർജൻ ജനറലും ഇന്ത്യൻ വംശജനുമായ വിവേക് മൂർത്തിയെ ഡിസ്മിസ് ചെയ്തു. ഇന്ന് വെള്ളി (ഏപ്രിൽ 21) വൈറ്റ് ഹൗസ് വിജ്ഞാപനത്തിലാണ് വിവരം വെളിപ്പെടുത്തിയത്.ട്രംപ് ഭരണകൂടത്തിലെ ഇളക്കി പ്രതിഷ്ഠയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ എന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

സർജൻ ജനറൽ ഡ്യൂട്ടിയിൽ നിന്നും വിവേകിനെ പുറത്താക്കിയതായും, എന്നാൽ കമ്മീഷന്റെ കോർപ്സിൽ അംഗമായി തുടരുമെന്നും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു. മൂർത്തിയുടെ ഇതുവരെയുള്ള സേവനങ്ങളെ ടോം പ്രൈസ് പ്രശംസിച്ചു.

റിട്ടയർ അഡ്‌മിറൽ സിൽവിയ ട്രന്റ് ആഡംസിന് (ഡപ്യൂട്ടി സർജൻ ജനറൽ) താത്കാലികമായി ആക്ടിങ് സർജൻ ജനറലായി നിയമിച്ചിട്ടുണ്ട്.

39-കാരനായ വിവേക് മൂർത്തി അമേരിക്കയുടെ പത്തൊമ്പതാമത് സർജൻ ജനറലായിരുന്നു. 2014 ഡിസംബർ 18-നായിരുന്നു മൂർത്തിയുടെ നിയമനത്തിന് അംഗീകാരം ലഭിച്ചത്.

ഇന്ത്യയിലെ കർണ്ണാടകയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മാതാപിതാക്കൾക്ക് 1977 ജൂലൈ 10-ന് ഇംഗ്ലണ്ടിലെ ഹണ്ടേഴ്സ് ഫീൽഡിൽ ജനിച്ച മകനാണ് വിവേക്. ഇദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോഴാണ് ഫ്ളോറിഡയിലേക്ക് താമസം മാറ്റിയത്.