സെഹാർ തബാർ എന്ന ടെഹ്‌റാൻകാരിയായ യുവതിയുടെ മനസ്സിൽ ഒരേയൊരു രൂപമേയുണ്ടായിരുന്നുള്ളൂ. ഹോളിവുഡ് സൂപ്പർത്താരം ആഞ്ജലീന ജോളി. അവരെപ്പോലെ സുന്ദരിയാവുകയെന്നതായിരുന്നു സെഹാറിന്റെ ലക്ഷ്യം. അതിനായി 22 വയസ്സിനിടെ വിധേയയായത് 52-ഓളം പ്ലാസ്റ്റിക് സർജറികൾ. ഒടുവിൽ സംഭവിച്ചതോ? വെളുക്കാൻ തേച്ചത് പാണ്ടായി എന്നതുപോലെ ആളുകൾ കണ്ടാൽ പേടിക്കുന്ന രൂപമായി സെഹാർ മാറി.

ഇറാനിലെ ആഞ്ജലീന ജോളിയെന്ന് പലരും പരിഹസിക്കുന്ന സെഹാറിന്റെ ഇൻസ്റ്റഗ്രാം നിറയെ ആഞ്ജലീനയെ അനുകരിച്ച് അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. 3,18,000 ഫോളോവേഴ്‌സ് അവർക്കുണ്ട്. അവരിൽ പലരും ഈ ചെയ്തികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രം. പ്രേതമെന്നും മറ്റും ചിലർ വിളിക്കുമ്പോൾ, മറ്റുപലരും ഇത് വെറും മേക്കപ്പാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു.

ആഞ്ജലീനയാകാൻ വേണ്ടി മെലിഞ്ഞ സഹാർ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സർജറികൾ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാർ കൂടുതലും കഷ്ടപ്പെട്ടത്. അവരുടെ രൂപമാകെ നശിപ്പിച്ചതും ഈ പരീക്ഷണങ്ങൾതന്നെ. ഏതാനും മാസം കൊണ്ടാണ് സെഹാർ തന്റെ ഇഷ്ടനടിയുടെ രൂപത്തിലേക്ക് മാറാനായി ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചതെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.