ചെന്നൈ: കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ് നടൻ സൂര്യ ഒന്നര കോടി രൂപ സംഭാവന നൽകി. കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച സിനിമാ പ്രവർത്തകർക്കായി 'സൂരരൈ പോട്രിന്റെ' വരുമാനത്തിൽ നിന്ന് 5 കോടി രൂപ വിവിധ സംഘടനകൾക്ക് കൈമാറുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൂര്യ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഒന്നരക്കോടി രൂപ സംഘടനകൾക്ക് കെെമാറിയത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസർ കൗൺസിലിൽ, നടികർ സംഘം എന്നീ സംഘടനകൾക്കാണ് സൂര്യ തുക കെെമാറിയത്. സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈന്മെന്റിന്റെ സഹനിർമ്മാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു തുക കൈമാറിയത്.

തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഒ.ടി.ടി റിലീസിനെത്തുന്ന കാര്യം ആരാധകരുമായി പങ്കു വെക്കുന്നതിനിടയിലാണ് സൂര്യ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ആമസോണിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് അഞ്ച് കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നാണ് സൂര്യ അറിയിച്ചിരുന്നത്. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരരൈ പോട്ര്. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസിനെത്തും.