ദുബായ്: ജീവനക്കാരിക്കു 'സർപ്രൈസ് കിസ് നൽകിയെന്ന കേസിൽ ഫിലിപ്പിനോ സ്വദേശിയായ സൂപ്പർവൈസർക്കെതിരെ വിചാരണ ആരംഭിക്കും. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം ചെയ്തതായി സമ്മതിച്ച സാഹചര്യത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.

2017 ഡിസംബർ 31ന് ആണു കേസിനാസ്പദമായ സംഭവം. ഇരുപത്തിനാലുകാരിയായ യുവതിയാണ് മുപ്പത്തിമൂന്നുകാരനായ സൂപ്പർവൈസർക്കെതിരെ പരാതി കൊടുത്തത്. ജോലിസംബന്ധമായ ആവശ്യത്തിന് ഒരു ഇടപാടുകാരനെ കാണാൻ സൂപ്പർവൈസർക്കൊപ്പം അൽ റാഷിദിയ മെട്രോ സ്റ്റേഷനിൽ പോയപ്പോഴാണു സംഭവമെന്നു യുവതി പരാതിയിൽ പറയുന്നു.

അവർ ഇരുവരും സംസാരിച്ചു നിന്നപ്പോൾ താൻ അവിടെ നിന്നു മാറി. ഇടപാടുകാരൻ പോയ ശേഷം തിരികെ സൂപ്പർവൈസറുടെ അടുത്തെത്തിയപ്പോൾ തനിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്നും ആ സർപ്രൈസിനായി കണ്ണുകൾ അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചപ്പോൾ മുടിയിൽ കെട്ടുന്ന ഒരു ക്ലിപ്പ് തന്നു. താൻ ആ സമ്മാനത്തിനു നന്ദി പറഞ്ഞു.

ഈ സാഹചര്യത്തിൽ മറ്റൊരു സമ്മാനം കൂടി ഉണ്ടെന്നു പറഞ്ഞു പെട്ടെന്നു മുഖത്ത് ചുംബിക്കുകയായിരുന്നു. ഞെട്ടിപ്പോയ താൻ ഉടൻ അയാളുടെ മുഖത്തടിച്ചു അവിടെ നിന്നോടിപ്പോകുകയായിരുന്നു. യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം, മാപ്പു പറഞ്ഞ സൂപ്പർവൈസർ സ്‌നേഹം കൊണ്ടാണ് താൻ അങ്ങനെ പ്രവർത്തിച്ചതെന്നു പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും യുവതി നേരെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു പ്രവർത്തിയുണ്ടായതായി കുറ്റാരോപിതനായ യുവാവ് സമ്മതിച്ചു.