കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫ് നേട്ടം കൊയ്യുമെന്ന് മനോരമ ന്യൂസ്‌വി എംആർ അഭിപ്രായ സർവേ. എൽഡിഎഫ് 6, യുഡിഎഫ് 2, ജനപക്ഷം 1 എന്ന നിലയിലാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. കടുത്തുരുത്തിയിൽ എൽഡിഎഫിന് മേൽക്കൈ എന്നാണ് സർവേ. ചങ്ങനാശേരിയിൽ എൽഡിഎഫിന്റെ അട്ടിമറി സാധ്യത സർവേ പ്രവചിക്കുന്നു.

പാലായിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്നാണ് സർവേ പറയുന്നത്. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 0.57 ശതമാനത്തിന്റെ മുൻതൂക്കം മാത്രം സർവേ പ്രവചിക്കുന്നു.

വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും എൽഡിഎഫ് നിലനിർത്തുമെന്നുമാണ് സർവേയുടെ വിലയിരുത്തൽ. കോട്ടയത്ത് കനത്ത പോരാട്ടം പ്രവചിക്കുന്ന സർവേ, പുതുപ്പള്ളി യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പൂഞ്ഞാറിൽ ജനപക്ഷം പാർട്ടിക്ക് നേരിയ മുൻതൂക്കമുണ്ടെന്നും സർവേ പ്രവചിക്കുന്നു.

ജോസ് കെ.മാണി യുഡിഎഫിന് നഷ്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പാലാക്കാർ നൽകിയ മറുപടി: 66 ശതമാനം പേർ നഷ്ടമുണ്ടാകുമെന്നും 20 ശതമാനം നഷ്ടം വരില്ലെന്നും നിലപാടെടുത്തു. 14 ശതമാനം പേർ വ്യക്തമായ നിലപാടെടുത്തില്ല.

പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന് ആധിപത്യമെന്നാണ് അഭിപ്രായ സർവേ പറയുന്നത്. എൽഡിഎഫ് 5, യുഡിഎഫ് 0, എൻഡിഎ 0 എന്ന നിലയിലാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. വോട്ട് വിഹിതം: എൽഡിഎഫ് 45.81 %, ഡഉഎ 33.43 %, എൻഡിഎ 20.57 %, മറ്റുള്ളവർ 0.19 %. ജില്ലയിലെ വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 12.38 ശതമാനം ലീഡുണ്ടെന്ന് സർവേ പറയുന്നു.

തിരുവല്ല മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പറയുന്നു. റാന്നി, ആറന്മുള മണ്ഡലങ്ങളിൽ എൽഡിഎഫ് ജയം പ്രവചിക്കുന്ന സർവേ, അടൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നു പ്രവചിക്കുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുപിടിച്ച കോന്നി മണ്ഡലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു.

എറണാകുളം-ആലപ്പുഴ ജില്ലകളിലെ മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേ ഫലങ്ങളും പുറത്തുവന്നിരുന്നു. എറണാകുളത്ത് പോരാട്ടം കടുക്കുമ്പോൾ, ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവേയിൽ വിലയിരുത്തുന്നത്. ആലപ്പുഴയിൽ എൽഡിഎഫ് 5 സീറ്റും യുഡിഎഫ് 4 സീറ്റും നേടാൻ സാധ്യതയെന്ന് സർവേ പ്രവചിക്കുന്നു.

പ്രതിപക്ഷത്തിന്റെ പ്രവർത്തനം എങ്ങനെ എന്ന് ചോദ്യത്തിന് വൈക്കം നൽകിയ മറുപടി: ഏറ്റവും മികച്ചതെന്ന് സർവേയിൽ പങ്കെടുത്ത 5 ശതമാനം പേർ അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 35 ശതമാനം. 41 ശതമാനം പേർ ശരാശരി മാർക്ക് നൽകി. മോശം പ്രകടനമെന്ന് 12 ശതമാനം പേർ പറഞ്ഞു. വളരെ മോശമെന്ന് 7 ശതമാനവും.

കടപ്പാട്: മനോരമ ന്യൂസ്