പത്തനംതിട്ട: യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് മംഗളവും. നേരത്തെ കോൺഗ്രസ് അനുകൂല പത്രമായ വീക്ഷണവും ഈ തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് സമാനമാണ് മംഗളം വാർത്ത. ആഴ്ചകൾക്ക് മുമ്പ് പുറത്തുവന്ന സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിനോട് ഏറെക്കുറെ സമാനമാണിതെന്നും മംഗളം വാർത്ത പറയുന്നുയ

യു.ഡി.എഫിന് 92-102 സീറ്റുകൾവരെ പ്രവചിക്കുന്ന റിപ്പോർട്ടിൽ ബിജെപിക്ക് പരമാവധി നേടാൻ കഴിയുന്നത് രണ്ട് സീറ്റുകൾ വരെയാണെന്നും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏഴ് മന്ത്രിമാർ പരാജയപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. സ്ഥാനാർത്ഥി നിർണ്ണയം എല്ലാം മാറ്റി മറിച്ചു.

ഒന്നരയാഴ്‌ച്ച മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ യു.ഡി.എഫിന് 75-84 സീറ്റുകൾ വരെ ലഭിക്കുമെന്ന് പറയുന്നു. . സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിലും ഇതാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്റെ സാധ്യതകൾ വർദ്ധിച്ചുവന്നതായി പുതിയ റിപ്പോർട്ട് വിലയിരുത്തുന്നുവെന്നും മംഗളം പറയുന്നു. ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിഷയം തീരദേശത്തെ ആകെ ഇളക്കി മറിച്ചതായി റിപ്പോർട്ട് പറയുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരേ കൊല്ലം ജില്ല അടക്കമുള്ള തീരദേശ മേഖലയിൽ ശക്തമായ ജനവികാരമാണ് അലയടിക്കുന്നത്.

2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വൻ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക. അടുത്ത കാലത്ത് സ്വർണകടത്ത്, സ്പ്രിങ്ളർ, ലൈഫ് മിഷൻ ഭവന നിർമ്മാണ അഴിമതി, കിഫ്ബി തുടങ്ങിയ വിവിധ വിഷയങ്ങൾ യു.ഡി.എഫ് ഉയർത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആഴക്കടൽ മത്സ്യബന്ധന വിഷയമാണെന്നും കണ്ടെത്തൽ.

റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ

ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന നേമത്ത് കുമ്മനം രാജശേഖരൻ പരാജയപ്പെടും. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് മൂന്നാം സ്ഥാനം മാത്രം. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാട്ടും ബിജെപിക്ക് പ്രതീക്ഷയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിന് വൻ വിജയം. എൽ.ഡി.എഫിന് മൂന്നാം സ്ഥാനം. കഴക്കൂട്ടത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കും. യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്.

ബിജെപിക്ക് സാധ്യതയുള്ള മറ്റൊരു മണ്ഡലം മഞ്ചേശ്വരം. കൊല്ലം ജില്ല യു.ഡി.എഫ് തൂത്തുവാരും. ഏഴ് സീറ്റുകൾ ഇവിടെ പ്രവചിക്കുന്നു. യു.ഡി.എഫ് നേട്ടം കൊയ്യുന്ന ജില്ലകൾ. തൃശൂർ-7, മലപ്പുറം-14, പാലക്കാട് -5, ഇടുക്കി-4, കണ്ണൂർ-4, പത്തനംതിട്ട-3, കോട്ടയം-4, എറണാകുളം-9. ആലപ്പുഴ-4.

പരാജയപ്പെടുന്ന പ്രമുഖർ: മന്ത്രി കെ.ടി. ജലീൽ (തവനൂർ), കെ. ഗണേശ് കുമാർ(പത്തനാപുരം), ജോസ് കെ. മാണി (പാലാ), എം. സ്വരാജ് (തൃപ്പൂണിത്തുറ), നടൻ മുകേഷ് (കൊല്ലം), പി.വി. അൻവർ (നിലമ്പൂർ), ഇ.ശ്രീധരൻ (പാലക്കാട്), കുമ്മനം രാജശേഖരൻ (നേമം).