മനാമ: കേരളീയ സമാജം ദീപാവലിയോടനുബന്ധിച്ച് 'സൂര്യ'യുമായി ചേർന്ന് ഇന്ത്യൻ ക്‌ളാസിക്കൽ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് രാത്രി എട്ടുമണിക്ക് സമാജം ഹാളിലാണ് പരിപാടി.

ലക്ഷ്മി പാർഥസാരഥി ആത്രേയയുടെ ഭരതനാട്യവും സ്മിത രാജന്റെ മോഹിനിയാട്ടവും ഉത്തര അന്തർജനത്തിന്റെ ഒഡീസിയുമാണ് നടക്കുകയെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെ ചെറുമകൾ കൂടിയായ സ്മിത രാജൻ മൂന്ന് പതിറ്റാണ്ടിലേറെയായി നൃത്തരംഗത്ത് സജീവമാണ്. 'രാസലീല'യാണ് ഉത്തരയുടെ ഒഡീസിയുടെ പ്രമേയം. കാൽ നൂറ്റാണ്ടായി ഭരതനാട്യരംഗത്തുള്ള ലക്ഷ്മി പാർഥസാരഥി ചിത്ര വിശ്വേശരന്റെ ശിഷ്യയാണ്.

കഴിഞ്ഞ 15 വർഷത്തിനിടെ, ഇന്ത്യയിൽ നിന്നുള്ള 650 ഓളം ആർടിസ്റ്റുകൾ 'സൂര്യ'വഴി ബഹ്‌റൈനിലത്തെിയിട്ടുണ്ട്. വിവരങ്ങൾക്ക് വർഗീസ് കാരക്കൽ -39617620, മോഹൻരാജ്-39234535 എന്നിവരുമായി ബന്ധപ്പെടാം.