ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വൻ തർക്കങ്ങളാണ് വിഷയത്തെ ചൊല്ലി നടന്നത്. ഇതിന് പിന്നാലെ തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്ന സമയത്ത് അഞ്ച് ദിവസത്തിനുള്ളിൽ പത്തിലധികം സ്ത്രീകളാണ് ശബരിമലയിൽ എത്തിയത്. എന്നാൽ പമ്പ മുതലുള്ള ഭാഗത്ത് പ്രതിഷേധം ശക്തമായതോടെ ഇവർക്ക് തിരികെ പോരേണ്ടി വന്നു.

കോടതി വിധിക്ക് പിന്നാലെയാണ് ശബരിമലയിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാർച്ചന രംഗത്തെത്തിയത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്ക് പോകാൻ തീരുമാനിച്ചുവെന്നും സൂര്യ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് വന്നതോടെ സൂര്യക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വന്നത്.

എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഭയപ്പെട്ട് പിന്മാറാൻ ഇല്ലെന്നാണ് സൂര്യയുടെ നിലപാട്. ഫേസ്‌ബുക്ക് കുറിപ്പിലൂടെ സൂര്യ ഇത് വ്യക്തമാക്കുന്നു. ശബരിമലയിൽ പോയി അയ്യപ്പനെ കാണാനുള്ള അവകാശം ഭരണഘടന തനിക്ക് നൽകുന്നുണ്ട്. ഇത് തന്റെ മൗലിക അവകാശമാണെന്നും സൂര്യ പറയുന്നു.

ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകൾക്ക് ദർശനം നടത്താനുള്ള അവസരവുംസുരക്ഷയും കേരള പൊലീസ് ഒരുക്കണമെന്നും സൂര്യ ആവശ്യപ്പെടുന്നു. ഈ കാര്യത്തിൽ സർക്കാരിൽ വിശ്വസിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.