മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സൂര്യകുമാർ യാദവിനെ ടീം ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻതാരം ദിലീപ് വെംഗ്സർകർ. ലീഡ്‌സിൽ കോലിപ്പട ഇന്നിങ്‌സ് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് വെംഗ്സർകറുടെ നിർദ്ദേശം.

'ബാറ്റിങ് നിര ശക്തിപ്പെടുത്താൻ ഹനുമ വിഹാരിയെ മറികടന്ന് സൂര്യകുമാറിനെ ഇലവനിൽ ഉൾപ്പെടുത്തണം. ഇതിനായി ഒരു ബൗളറെ കുറയ്ക്കാം. ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തത് തന്നെ അത്ഭുതപ്പെടുത്തി. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളുമായി സൂര്യകുമാറിനെ താരതമ്യം ചെയ്യാനാകും. അധികം വൈകുന്നതിന് മുമ്പുതന്നെ താരത്തെ ടെസ്റ്റിൽ ടീമിൽ ഉൾപ്പെടുത്തണം' എന്നും വെംഗ്സർകർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 44ലധികം ബാറ്റിങ് ശരാശരി സൂര്യകുമാർ യാദവിനുണ്ട്.

മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കറും ഇന്ത്യൻ ടീമിൽ ഒരു ബാറ്റ്‌സ്മാനെക്കൂടി ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ നിലവിലെ ടീം സന്തുലിതമാണെന്നും അഞ്ച് ബൗളർമാരുമായി തുടർന്നും കളിക്കുമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രതികരണം.

'അഞ്ച് ബാറ്റ്‌സ്മാന്മാരുമായി കളിച്ചപ്പോൾ ഇന്ത്യ വലിയ വിജയങ്ങളും വലിയ ചെറുത്തുനിൽപുകളും നടത്തിയിട്ടുണ്ട്. ആറാം ബാറ്റ്‌സ്മാൻ എത്തിയാൽ കാര്യമായ മാറ്റം ഉണ്ടാവുമെന്ന് ഉറപ്പില്ല. ടീമിലുള്ളവർ ഉത്തരവാദിത്തോടെ കളിക്കുകയാണ് വേണ്ടത്. ഇശാന്ത് ശർമ്മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരിൽ ഒന്നോ രണ്ടോ പേർക്ക് ഓവലിലെ നാലാം ടെസ്റ്റിൽ വിശ്രമം നൽകു'മെന്നും വിരാട് കോലി പറഞ്ഞു. സെപ്റ്റംബർ രണ്ടിനാണ് ഓവൽ ടെസ്റ്റ് തുടങ്ങുന്നത്.

ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 76 റൺസിനും തോൽവി വഴങ്ങിയിരുന്നു.