തിരുവനന്തപുരം: സൂര്യ ടിവിയിൽ ക്യാമറാമാനായിരുന്ന രാധാകൃഷ്ണൻ നായർ വാഹനാപകടത്തിൽ മരിച്ചു. നെയ്യാറ്റിൻകരയിൽ രാധാകൃഷ്ണന്റെ വീടിനടുത്ത് വച്ചാണ് അപകടമുണ്ടായത്.അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ടെമ്പൊ ട്രാവലർ വന്നിടിക്കുകയായിരുന്നു.

സൂര്യ ടിവിയിലെ സീനിയർ ക്യാമറാമാനായിരുന്ന രാധാകൃഷ്ണൻ നായർ ചാനലിന്റെ ആരംഭം മുതൽക്കേയുള്ള ജീവനക്കാരനായിരുന്നു.വാർത്താവിഭാഗത്തിൽ മുൻ ചീഫ് എഡിറ്ററും, എഴുത്തുകാരനുമായ എൻ.സുകുമാരന്റെ കീഴിലാണ് ജോലി തുടങ്ങിയത്. ഊർജ്ജസ്വലനും കർമ്മനിരതനുമായ അദ്ദേഹം സഹപ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു. സൂര്യ ടിവിയിൽ 2000-2008 കാലയളവിൽ വന്ന നിരവധി ബ്രേക്കിങ് സ്റ്റോറികൾക്കും, എക്‌സക്ലൂസീവ് സ്‌റ്റോറികൾക്കും ക്യാമറ ചലിപ്പിച്ചത് രാധാകൃഷ്ണൻ നായരായിരുന്നു. പിന്നീട് അദ്ദേഹം സൂര്യയിൽ നിന്ന് പിരിഞ്ഞ് മറ്റുജോലികളിൽ ഏർപ്പെട്ടു.

സിനിമാ രംഗത്ത് നിന്നാണ് രാധാകൃഷ്ണൻ നായർ ടെലിവിഷൻ മേഖലയിലേക്ക് കടന്നുവന്നത്.കെ. എസ്. ഗോപാലകൃഷ്ണൻ എന്ന പ്രമുഖ സംവിധായകന്റെ അസോസിയേറ്റ് ക്യാമറാമാനായി ഏറെക്കാലം. സിനിമ പക്ഷേ ജീവിതത്തിന്റെ ആധാരശിലയല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സൂര്യയിൽ ചേക്കേറി. നിരവധി പ്രോഗ്രാമുകൾക്കും ക്യാമറ ചലിപ്പിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.