തിരുവനന്തപുരം: 38 ദിവസം തുടർന്ന തൊഴിലാളി സമരം അവസാനിപ്പിക്കാൻ സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി പാലിക്കാതെ സൂര്യ ടിവി മാനേജ്‌മെന്റ്. സർക്കാരുമായും ലേബർ കമ്മീഷണറുമായും നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ ധാരണകൾ തെറ്റിച്ച് സർക്കാരിനേയും തൊഴിലാളികളേയും മാനേജ്‌മെന്റ് വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികൾ.

ജീവനക്കാരെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഓഫീസുകളും സൂര്യ ടിവി അടച്ചുപൂട്ടിയിരുന്നു. കൊച്ചിയിലേത് മാത്രമാണ് നിലനിർത്തിയിരുന്നത്. മാസങ്ങളായി ശമ്പളവും നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് സമരവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. 38 ദിവസം നീണ്ട സമരത്തിനൊടുവിൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ഇതനുസരിച്ച് ജൂലൈ 30-ന് മുൻപ് പുതുക്കിയ ശമ്പളത്തിന്റെ പ്രപ്പോസൽ സമർപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇതു സമർപ്പിച്ചശേഷം മറ്റു പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നായിരുന്നു ധാരണ.

എന്നാൽ പ്രപ്പോസൽ സമർപ്പിക്കേണ്ട സമയം കഴിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല തൊഴിലാളികളോട് കടുത്ത പ്രതികാര നിലപാടുകളാണ് ഇപ്പോൾ സ്വീകരിക്കുന്നതും. കേരളത്തിലെ ഓഫീസുകൾ അടച്ചു പൂട്ടിയതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ ചാനലിന്റെ ആസ്ഥാനമായ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ രണ്ട് മാസത്തെ ശമ്പളം മുൻകൂർ നൽകാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 10000 രൂപ നൽകിയ ശേഷം പത്ത് ഗഡുക്കളായ് ഓരോ തിരിച്ച് പിടിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ 1000 രൂപ പിടിക്കുന്നതിനു പകരം 2000 രൂപയാണ് മാനേജ്മെന്റ് ഇപ്പോൾ തിരിച്ചു പിടിക്കുന്നത്. ചെന്നൈയിലേക്ക് മാറ്റിയപ്പോൾ മെട്രോ അലവൻസായി 4500 രൂപ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. അലവൻസും കൃത്യമായ ശമ്പളവുമില്ലാതെ ചെന്നെയിലുള്ള തൊഴിലാളികൾ പട്ടിണിയിലാണ്.

കൊച്ചി ഓഫീസിലെ അഡ്‌മിൻ മാനേജറും അതേവിഭാഗത്തിലെ തന്നെ ജീവനക്കാരനുമാണ് തൊഴിലാളികളേയും മാനേജ്മെന്റിനേയും തമ്മിലടിപ്പിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. കോമൺ പൂളുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അഞ്ചു ചാനലുകൾക്ക് വേണ്ടിയും പണിയെടുക്കേണ്ടി വരും എന്നാൽ ഔട്ട്ഡോർ ഷൂട്ടിങ്ങിന് പോകുമ്പോൾ ഓവർടൈം അലവൻസ് നൽകാറുമില്ല. ഡ്രൈവർക്കു മാത്രമാണ് ഓവർടൈം ആനുകൂല്യമുള്ളത്. എന്നാൽ പുറത്ത് ഷൂട്ടിങ്ങിന് പോകുമ്പോൾ പോലും ഡ്രൈവർമാരെ ഓവർ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കാറില്ലെന്നും തൊഴിലാളികൾ പറയുന്നു.

ഒരു മണിക്കൂർ ഓവർടൈം ജോലിക്ക് വെറു 40 രൂപയാണ് നൽകുന്നത്. എന്നാൽ ഇവരുടെ ഡ്യൂട്ടി സമയം കഴിയുമ്പോൾ മടക്കി വിളിച്ച് മറ്റൊരാളെ അയച്ച് 40 രൂപ ലാഭിക്കുന്ന തന്ത്രമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. എന്നാൽ ഈ രണ്ട് പേരുടെ ചെലവ് ഓവർടൈമിനെക്കാൾ കൂടുതലാണ്. ഇത് തൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇതിനിടെ പുറത്തുള്ള പരിപാടികൾക്ക് കമ്പനിയുടെ വാഹനം ഉപയോഗിക്കുന്നതും മാനേജ്‌മെന്റ് അവസാനിപ്പിച്ചു. ഏഴ് ഡ്രൈവർമാർക്ക് 70000 രൂപ ശമ്പളവും ഡീസലും മറ്റുമായി ഒരു ലക്ഷം രൂപ ചെലവുമുള്ള സ്ഥലത്താണ് ഇപ്പോൾ രണ്ടര ലക്ഷം വരെ വാടക നൽകി പുറത്ത് നിന്നും വണ്ടികളെടുക്കുന്നത്. ഈ വകയിൽ വലിയ തുക കമ്മീഷനായി മാനേജ്‌മെന്റിനൊപ്പം നിൽക്കുന്നവർ പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്.

ലേബർ കമ്മീഷനുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് സമാധാനപരമായ തൊഴിൽ സാഹചര്യം നിലനിർത്തുമെന്ന ധാരണയിൽ മാനേജ്‌മെന്റ് എത്തിയിരുന്നതാണ്. സർക്കാരുമായി ഉണ്ടാക്കിയ ധാരണ പാലിക്കാൻ തങ്ങൾ പൂർണമായും സഹകരിച്ചെന്നും മാനേജ്മെന്റാണ് അതിന് തയാറാകാത്തതെന്നുമാണ് തൊഴിലാളികൾ ആരോപിക്കുന്നത്.