കൊച്ചി:ജീവനക്കാർ നിയമനടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ജീവനക്കാർക്കെതിരേ പ്രതികാരം ചെയ്ത് സൂര്യ ടി വി മാനേജ്‌മെന്റ്. തുച്ഛമായ ശമ്പളത്തെ കുറിച്ചും ഓഫീസിനുള്ളിലെ തൊഴിൽ പീഡനങ്ങളെ കുറിച്ചും തൊഴിൽ വകുപ്പിന് പരാതി നൽകിയതിനാണ് ജീവനക്കാരുടെ മേൽ പ്രതികാര നടപടികളുമായി സൂര്യാ ടിവി മാനേജ്‌മെന്റ് രംഗത്തെത്തിയത്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാനലിന്റെ കൊച്ചി ഓഫീസിൽ കഴിഞ്ഞ ദിവസം തൊഴിൽ വകുപ്പ് റെയിഡ് നടത്തിയിരുന്നു. റെയിഡിനെത്തിയ ഉദ്യോഗസ്ഥരോട് തങ്ങളുടെ ദുരവസ്ഥ വിവരിച്ച ജീവനക്കാരെയാണ് കൂട്ടമായി സ്ഥലം മാറ്റി മാനേജ്‌മെന്റ് ഉത്തരവിറക്കിയിരിക്കുന്നത്.

പ്രമോ വിഭാഗത്തിലെ ജീവനക്കാരനായ സജയ്‌ലാലിനെ ഹൈദ്രാബാദിലേക്കും മറ്റുള്ളവരെ ചെന്നൈയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എത് പോസ്റ്റിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് വ്യക്തമാക്കാതെയാണ് ഈ സ്ഥലം മാറ്റങ്ങളെല്ലാം. തിങ്കളാഴ്ച തന്നെ ജോയിൻ ചെയ്യണമെന്നാണ് നിർദ്ദേശം. വെള്ളിയാഴ്ച 6 മണിയോടെ കൊച്ചിയിലെ ഡ്യൂട്ടികൾ അവസാനിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്.

തൊഴിൽ വകുപ്പിന്റെ റെയ്ഡ് നടത്താനെത്തിയ സംഘത്തെ സൂര്യ ടിവി അധികൃതർ തടയാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് സജയ്‌ലാലിനു നേരെയുള്ള നടപടിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു

.എച്ച് ആർ മാനേജർ വിനീഷ, ലേബർ റിലേഷൻസ് ഓഫീസർ ജോയ് എന്നിവരാണ് റെയ്ഡിനെത്തിയ സംഘത്തെ തടയാൻ ശ്രമിച്ചത്. ഇവരുടെ പ്രതികാരമാണ് സ്ഥലംമാറ്റ ഉത്തരവായി എത്തിയതെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്.

സൂര്യാ ടിവി സിഒഒ സി.പ്രവീണാണ് ജീവനക്കാരെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നൽകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. നേരത്തെ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ചതിന് ജയിലിൽ കിടന്നയാളാണ് സി.പ്രവീൺ. ജയിലിലായപ്പോൾ സന്തോഷിച്ച എല്ലാ ജീവനക്കാരേയും കരയിക്കുമെന്ന് ഇദ്ദേഹം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. മുമ്പ് എഷ്യാനെറ്റിലെ ജീവനക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ പ്രീയരവിന്ദ്രൻ എന്ന പ്രശസ്ത മാധ്യമ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതും സി.പ്രവീണായിരുന്നു. ലേബർ കോടതിയിൽ നിന്ന് കനത്ത വിമർശനമാണ് ഈ നടപടിയുടെ പേരിൽ പ്രവീണിന് ലഭിച്ചത്.

ജീവനക്കാരിയുടെ പ്രസവാവധി പോലും റദ്ദാക്കി ജോലിക്ക് പ്രവേശിപ്പിച്ച സംഭവവും സൂര്യാടിവിയിൽ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ ജോലി രാജിവയ്ക്കാനായി ജീവനക്കാരിയെ മാനേജർ മുറിയിൽ വിളിച്ചുവരുത്തി മാനസികമായ പീഡിപ്പിക്കുന്ന സംഭവവും സൂര്യാ ടിവിയൽ പതിവാണെന്നും ജീവനക്കാർ പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങൾ സഹിക്കാനാവതെ വന്നതോടെയാണ് ബിഎംഎസിന്റെ യൂണിയൻ ആരംഭിച്ച് സംഘടിക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ലക്ഷങ്ങൾ ശമ്പളം നൽകി രണ്ട് ഉദ്യോഗസ്ഥരെ യൂണിയനെ നേരിടാനായി മാത്രം നിയമിക്കുകയാണ് മാനേജ്‌മെന്റ് ചെയ്ത്ത്. ഈ ലക്ഷങ്ങൾ തങ്ങൾക്ക് എല്ലാവർക്കുമായി തന്നാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെയുണ്ടായിരുന്നുള്ളൂവെന്നാണ് ജീവനക്കാർ പറയുന്നത്.

നിയമപരമായ ബോണസ് നൽകാതിരിക്കുക, വർഷങ്ങളായി മനപ്പൂർവ്വം പ്രോമോഷൻ തടഞ്ഞു വയ്ക്കുക, തൊഴിലാളികൾക്ക് അർഹതപ്പെട്ട അടിസ്ഥാന ശമ്പളം പോലും നൽകാതിരിക്കുക തുടങ്ങി സൂര്യാ ടിവിയിലെ ജീവനക്കാർ അനുഭവിക്കുന്നത് കേട്ട് കേൾവി പോലും ഇല്ലാത്തതാണു എന്നാണ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനു ശേഷം പറഞ്ഞത്.

വർഷങ്ങളായി സൂര്യ ടിവിയിലെ തൊഴിലാളി പീഡനങ്ങൾ സംബന്ധിച്ച പരാതികൾ പുറത്തുവരുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ യാതൊരു സൗകര്യങ്ങളും ഓഫീസിൽ നൽകാറില്ല. വനിതാ തൊഴിലാളികൾ ഉള്ള ഓഫീസായിട്ടുകൂടി ആവശ്യത്തിന് ബാത്ത്റൂം സൗകര്യങ്ങൾ പോലും ഓഫീസിൽ ഇല്ല. മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വിവേചനമാണ് നിലനിൽക്കുന്നത്. പതിനെട്ടു വർഷം തുടർച്ചയായിട്ടു സർവീസുള്ളവർക്കു പോലും ലഭിക്കുന്നതു തുച്ഛമായ ശമ്പളമാണ്. പഴയ ജീവനക്കാരെ പരിഗണിക്കാതെ അടുത്തകാലത്തു ജോലിയിൽകയറിയവർക്കു വൻതോതിൽ ശമ്പള വർധനവും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പലരെയും കാരണം കൂടാതെ പിരിച്ചുവിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂര്യാ ടിവി. ഈ നെറ്റ് വർക്കിന്റെ മറ്റ് ഭാഷയിലെ ചാനലുകളിലെ ജീവനക്കാർക്കെല്ലാം മികച്ച ശമ്പളം നൽകുമ്പോൾ മലയാളികളെ മാത്രം പീഡിപ്പിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് കാണിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതിന് സഹായം നൽകുന്നതകട്ടെ മലയാളികളായ ഉദ്യോഗസ്ഥരും.

മാനേജ്‌മെന്റിന്റെ ഈ നടപടികളെ ശക്തമായി നേരിടാൻ തന്നെയാണ് ജീവനക്കാരുടെ തീരുമാനം. നിയമപരമായി നോട്ടീസ് നൽകി 15 ദിവസത്തിനുള്ളിൽ സമരം തുടങ്ങാനാണ് ജീവനക്കാരുടെ നീക്കം.