' പെണ്ണ് ഒരു സ്ഥലത്ത് വച്ച് പോലും കരയുകയോ ബഹളം വെയ്ക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും ആളുള്ള പീരുമേട് ഗസ്റ്റ് ഹൗസില് വെച്ചോ, പാലാ ട്രാൻസ്‌പോർട്ട് ബസ്സിൽ നിന്നപ്പോഴോ, പാലയിൽ കൂടി പകൽ ഓട്ടോ റിക്ഷയിൽ കൊണ്ടുപോയപ്പോഴോ എന്തുകൊണ്ട് ബഹളം ഉണ്ടാക്കിയില്ല? അവൾക്ക് ഉദേശിച്ച അത്രയും കാശു കിട്ടിക്കാണില്ല അല്ലെങ്കിൽ ഈ പേരില് ബ്ലാക്ക്‌മെയിൽ ചെയ്തു കാശ് ഉണ്ടാക്കാമെന്ന മോഹം നടന്നു കാണില്ല. ഇവളുടെയും, മാതാപിതാക്കളുടെയും, അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് കൂടി പരിശോധിക്കണം'

കിരൺ കൊട്ടാരത്തിൽ എന്ന ഒരു വായനക്കാരൻ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട ഒരു വാർത്തയിൽ ഇട്ട കമന്റാണ് ഇത്. ഇത്തരം ധാരാളം കമന്റുകൾ വരാറുണ്ട്. പെൺകുട്ടി മോശക്കാരിയാണെന്നും അവൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടായിട്ടും അവൾ രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നുമാണ് ഇത്തരക്കാരുടെ കമന്റുകളുടെ സാരം. ഇതേ തരത്തിലുള്ള അഭിപ്രായം മിക്ക സ്വകാര്യ സംഭാഷണത്തിലും ഇപ്പോൾ തെളിഞ്ഞു കാണാം. നിർഭാഗ്യവശാൽ ഇത്തരം അഭിപ്രായം പറയുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയർന്നു വരുന്നു. ഈ കുറിപ്പെഴുതുന്ന ലേഖകന്റെ സഹപ്രവർത്തകരിൽ ചിലർ പോലും ഇത്തരം ഒരു സംശയം പ്രകടിപ്പിക്കുന്നു. പൊതുവേ ഇത്തരം വിഷയങ്ങളിൽ ഒന്നും താത്പര്യം ഇല്ലാത്ത ചില നിഷ്പക്ഷമതികളും പറയുന്നത് ഈ പെൺകുട്ടി ഒരു മോശക്കാരിയായിരുന്നെ്നും ഇതൊരു പീഡനം അല്ല എന്നുമാണ്.

ഈ വാദത്തിലേക്ക് ചൂട് പകരുകയാണ് ബഹുമാന്യ ജഡ്ജി ബസന്ത് നടത്തിയ പ്രസ്താവനയിലൂടെ. ഒളിഞ്ഞും തെളിഞ്ഞും ഒരു പ്രസ്താവന നടത്തി വന്നിരുന്ന ചിലർക്ക് ഇത് വലിയ ആശ്വാസമായി. ഇതിന്റെ മറ്റൊരു പ്രതിഫലനമാണ് മന്ത്രി വയലാർ രവി നടത്തിയ 'എന്താ കൊച്ചേ നിനക്ക് വല്ല മുൻ അനുഭവങ്ങളും ഉണ്ടായിരുന്നോ?ന' എന്ന തികച്ചും സ്ത്രീവിരുദ്ധമായ അഭിപ്രായം. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അഭിപ്രായ പ്രകടനം മുമ്പ് നടത്തിയിട്ടുള്ള ഞങ്ങൾ അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തികച്ചും പ്രതിലോമകരമായ ഈ അഭിപ്രായത്തെ ചെറുത്തു തോൽപ്പിക്കേണ്ടത് ഉണ്ട് എന്നതിനാൽ അതിനെക്കുറിച്ച് മാത്രമാണ് ഈ കമന്റ്.

തികച്ചും പ്രതിലോമകരമായ ഈ അഭിപ്രായം കേരളത്തിലെ വലിയൊരു വിഭാഗം ആളുകളുടെയും മനസ്സിൽ കയറ്റിയത് ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ ആണെന്ന് ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. സൂര്യനെല്ലി കേസിലെ ഈ പത്രങ്ങളുടെ റിപ്പോർട്ടിങ്ങ് രീതി തികച്ചും സ്ത്രീവിരുദ്ധവും പെൺകുട്ടിയെ അപഹാസിക്കുന്നതും ആയിരുന്നു. ചാനലുകളുടെ തള്ളിക്കയറ്റവും ഒഴുക്കുമാണ് ഇപ്പോൾ ഈ സമയത്ത് വ്യത്യസ്ഥമായ ഒരു അഭിപ്രായ രീതി വളർത്തിയെടുക്കുന്നത്. ചാനൽ നിലപാടിന്റെ കാഠിന്യം മൂലം മുഖ്യധാരാ മാദ്ധ്യമങ്ങൾ പഴയതുപോലെ പ്രതിലോമകരമായ ഒരു നിലപാട് എടുക്കുന്നില്ല. എന്നാൽ ഇത്തരം കാഴ്ചപ്പാട് ഇത്തരക്കാരുടെ മനസ്സിന്റെ ഭാഗമായതിനാൽ ഇത് അറിയാതെ വെളിയിൽ വരുന്നു എന്നു മാത്രം.

ഒരു വാദത്തിനു വേണ്ടി ഈ പെൺകുട്ടി രക്ഷപ്പെടാനോ ബഹളം വയ്ക്കാനോ ശ്രമിച്ചില്ല എന്നു സമ്മതിക്കുക (ഈ പെൺകുട്ടി മോശക്കാരിയായിരുന്നെ്നോ അവളുടെ സമ്മതപ്രകാരമാണ് ആ മാനഭംഗം അരങ്ങേറിയതെന്നോ ഞങ്ങൾ വിശ്വസിക്കുന്നില്ല). എന്നതുകൊണ്ട് 16 വയസ്സ് പൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബാലവേശ്യ എന്നു വിളിക്കുന്നതും ഉചിതമാണോ? പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വഴിപിഴച്ചു പോവാതിരിക്കാൻ സഹായിക്കേണ്ട പ്രായവും പക്വതയും ഉള്ളവർ അവളെ കൊണ്ടു നടന്നു വിറ്റതിന് ഇതെങ്ങനെ ന്യായം ആകും? ഇവർ പറയുന്നതു പോലെ ഈ പെൺകുട്ടിമോശക്കാരിയാണെങ്കിൽ പോലും ആ പെൺകുട്ടിയെ പ്രാപിക്കാൻ ശ്രമിച്ചവർ ദുഷ്ടന്മാരും മനുഷ്യത്വം ഇല്ലാത്തവരുമാണ്.

ഇത്തരം ന്യായങ്ങൾ ഉന്നയിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രമേ ഉള്ളൂ. വിവാഹിതരും കുടുംബ ജീവിതം നയിക്കുന്നവരുമായ നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി പൂർണ്ണ സമ്മതത്തോടെ എത്തിയാൽ നിങ്ങൾ ഉടനെ അവളെ ആലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി കൃത്യനിർവ്വഹണം നടത്തുമോ? നടത്തുമെങ്കിൽ നിങ്ങൾക്ക് സദാചാരത്തെക്കുറിച്ച് സംസാരിക്കാൻ അധികാരമില്ല. നടത്തുകയില്ലെങ്കിൽ നിങ്ങൾക്ക് പെൺകുട്ടിയെ കുറ്റം പറയാനും അധികാരം ഇല്ല.

ഇവിടെ നമ്മളെല്ലാം ബോധപൂർവ്വം മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്. ഹോർമോൺ കുത്തിവച്ച് ഭക്ഷണസാധ്യത മൂലം നമ്മുടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാല്യം വേഗം അവസാനിക്കുകയാണ് എന്ന സത്യം. 12-13 വയസ്സാകുമ്പോഴേ ഇപ്പോഴത്തെ പല കുട്ടികളും പരീക്ഷണങ്ങൾക്ക് മുതിരുന്നു. ഇത് നമ്മുടെയൊക്കെ വീടുകളിൽ തന്നെ നടക്കുന്ന യാഥാർത്ഥ്യമാണ്. ഇത് നമ്മുടെ ലോകത്തിന്റെ മാറ്റത്തിന്റെ ഭാഗമാണ്. നാളെ ഇത്തരം ഒരു സംഭവം അരങ്ങേറുന്നത് നമ്മുടെയൊക്കെ വീടുകളിൽ തന്നെ ആണെന്ന് വരാം. അപ്പോൾ അതോർത്ത് വിലപിച്ചിട്ട് കാര്യമില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം തെറ്റ് ചെയ്താലും അവരെയല്ല ആ തെറ്റിന് കൂട്ടു നിന്നവരെയാണ് ക്രൂശിക്കേണ്ടത്. അത്തരം ഒരു സംവിധാനം മാത്രമേ നല്ല ഒരു സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിക്ക് കാരണമാകൂ. അതിനുള്ള ഉത്തരവാദിത്തം മറന്നാണ് നമ്മൾ പെൺകുട്ടിയെ മോശക്കാരിയാക്കുന്നത്. പിജെ കുര്യനും ഒരു കുടുംബം ഉണ്ട് എന്ന ഭാര്യയുടെ വേദന നിറഞ്ഞ പരാമർശം ഈ പെൺകുട്ടിക്കും ബാധകമല്ലേ എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. ഇത്തരം ഒരു ആരോപണം ഉണ്ടായി 17 വർഷം കഴിഞ്ഞിട്ടും പിജെ കുര്യന് ജീവിതത്തിൽ ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്നോർക്കണം. എന്നാൽ ഈ പെൺകുട്ടിക്കും കുടുംബത്തിനുമോ? ഇതിൽ ഒന്നും പങ്കാളിയല്ലാത്ത ആ പെൺകുട്ടിയുടെ ഏക സഹോദരിയുടെ വിവഹാം ഇനിയും നടന്നിട്ടില്ല എന്നത് ഒരു അടയാളമായി നമ്മൾ സ്വീകരിക്കണം. ഈ പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്നവരോട് ഇത് മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ.