ന്യൂഡൽഹി: ഖത്തർ ഭരണകൂടം റമദാൻ പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ചതിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതിനു പിന്നാലെ അത് മോദിയുടെ ക്രെഡിറ്റിലാക്കാൻ ശ്രമം. മോദിയെ ഇക്കാര്യത്തിൽ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റും നൽകി. എന്നാൽ തടവുകാരുടെ മോചനം മുൻകാലങ്ങളിലേതുപോലെ റമദാൻ വേളയിൽ മുസഌംരാജ്യങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക നടപടി മാത്രമാണെന്നിരിക്കെ ഇക്കാര്യത്തിൽ ക്രെഡിറ്റ് മോദിക്ക് നൽകാൻ ശ്രമമുണ്ടായതിനെതിരെ സോഷ്യൽമീഡിയിയിൽ പ്രതിഷേധവും പരിഹാസങ്ങളും നിറയുകയാണ്.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ഖത്തറിന് നന്ദി എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ഇപ്പോൾ വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രിയുടെ സംഘത്തെ അനുഗമിക്കുന്ന ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടർ മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിച്ചെന്ന് വാർത്ത നൽകി. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന കൂട്ടത്തിൽ മോദി ഖത്തറും സന്ദർശിച്ചിരുന്നു. എന്നാൽ തടവുകാരുടെ മോചനം പ്രമാണിച്ച് ഖത്തർ അധികാരികളുമായി ചർച്ച നടത്തിയവിവരം മോദിപോലും പറഞ്ഞിരുന്നില്ല.

ചർച്ചയിൽ ഈ വിഷയം ഉൾപ്പെടുത്തിയിരുന്നുമില്ല. എന്നിട്ടും റംമദാൻ കാലത്തെ പതിവു നടപടികളിലൊന്നായി തടവുകാരെ മോചിപ്പിച്ച ഖത്തർ ഭരണകൂടത്തിന്റെ നടപടിയുടെ ക്രെഡിറ്റ്് മോദിക്ക് നൽകാൻ ആസൂത്രിത ശ്രമം നടന്നുവെന്നാണ് ആരോപണമുയരുന്നത്. ന്യൂസ് ഏജൻസി റിപ്പോർട്ടറുടെ പ്രഖ്യാപനം പ്രമുഖ ചാനലുകളും ഏറ്റുപിടിച്ചു. ഇതിനുപിന്നാലെ സർക്കാറിന്റെ മറ്റൊരു ഐതിഹാസിക നേട്ടം എന്ന പേരിൽ ബിജെപി നേതാക്കളും സംഘ്പരിവാറിന്റെ പ്രതിനിധികളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണം തുടങ്ങി. എന്നാൽ, പ്രധാനമന്ത്രിയുടെ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പ്രത്യേക മാസത്തിന്റെ തുടക്കം പരിഗണിച്ച് 23 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് നന്ദി എന്നുമാത്രമാണ് രേഖപ്പെടുത്തിയത്.

 

അതിനിടെ, സുഷമയുടെ അവകാശവാദത്തെ സോഷ്യൽ മീഡിയയിൽ ചോദ്യംചെയ്തുകൊണ്ടും കളിയാക്കിയും നിരവധി ട്രോളുകൾ നിരന്നു. പഴയ വർഷങ്ങളിലെ കണക്കുകൾ ഉൾപ്പെടെ വ്യക്തമാക്കിയാണ് അവർ സുഷമയുടെ അബദ്ധം ആഘോഷിച്ചത്. സുഷമയുടെ അവകാശവാദത്തിന്റെ അപഹാസ്യത ചോദ്യം ചെയ്യുന്ന ട്രോളുകളിൽ ഖത്തർ ഇതാദ്യമായല്ല ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോയ വർഷം റമദാനിൽ ഏഴു പേരെയും ദേശീയദിനാചരണത്തോടനുബന്ധിച്ച് 12 പേരെയും വിട്ടയച്ചിരുന്നു. 2014 റമദാനിൽ മോചിപ്പിക്കപ്പെട്ട 74 തടവുകാരിൽ 14 പേർ ഇന്ത്യക്കാരായിരുന്നു. 2013ൽ 17 ഇന്ത്യക്കാരുൾപ്പെടെ 54 പേർക്കായിരുന്നു ജയിൽമോചനം.