വാർത്തകൾ തുണയായപ്പോൾ ഭവാനിക്കു ലഭിച്ചത് ഒരു പുതു ജീവൻ. കൈരളി പീപ്പിൾ ടിവിയുടെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയുടെ സഹായം എത്തിയപ്പോൾ പത്തനംതിട്ട സ്വദേശി ഭവാനിക്ക് മോചനമായി.

സൗദിയിൽ അറബി മുതലാളിയുടെ പീഡനത്തിന് ഇരയായ ഭവാനിയുടെ മോചനത്തിന് സാധ്യമാക്കിയ വാർത്ത നൽകിയ പീപ്പിൾ ടിവിയെയും റിപ്പോർട്ടർ വി ജി മിനീഷ് കുമാറിനെയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ചാനലിനെ മന്ത്രി അഭിനന്ദിച്ചത്.

പത്തനംതിട്ട സ്വദേശിനിയായ ഭവാനി ജോലി ആവശ്യാർത്ഥം സൗദിയിലെത്തിയതുമുതൽ അറബിയുടെ പീഡനമേറ്റ് കഴിയുകയായിരുന്നു. കൈരളി പീപ്പിൾ വാർത്തയെ തുടർന്ന് സന്നദ്ധ പ്രവർത്തകരും എംബസിയും ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇടപെട്ടിരുന്നു. മോചനം സാധ്യമായതിനെ തുടർന്നാണ് കൈരളി പീപ്പിളിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തത്. വാർത്ത പുറത്തെത്തിച്ചതിന് നന്ദിയുണ്ടെന്നായിരുന്നു ട്വീറ്റ്.

ആറുമാസം മുമ്പാണ് പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഭവാനി സൗദിയിലേക്കു പോയത്. ഒരു സ്വകാര്യ ഏജൻസി വഴിയായിരുന്നു ഭവാനി സൗദിയിലെത്തിയത്. പണമൊന്നും കൊടുക്കണ്ടെന്നു പറഞ്ഞപ്പോൾ കുടുംബത്തിന്റെ ദാരിദ്ര്യത്തിന്റെ കഥയോർത്ത് സൗദിയിലേക്കു ജോലിക്കായി പോകുകയായിരുന്നു ഭവാനി.

എന്നാൽ, സൗദിയിലെത്തിയ ഭവാനിക്ക് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനങ്ങളായിരുന്നു. ഏറെനാൾ കഴിയുന്നതിന് മുമ്പേ മർദ്ദനവും പീഡനവും സഹിക്കാതെ ഭവാനി മകളെ വിളിച്ച് കരയാൻ തുടങ്ങി. തന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കണമെന്നായിരുന്നു ഭവാനിയുടെ ആവശ്യം.

ആദ്യമാദ്യം കുറച്ച് കാശൊക്കെ അയക്കുമായിരുന്നു. പിന്നീട് അതും നിലച്ചു. ഏതാനും മാസം കഴിഞ്ഞപ്പോൾ പീഡനം സഹിക്കവയ്യാതായെന്നും പറഞ്ഞ് ഭവാനി വീണ്ടും നാട്ടിലേക്ക് വിളിച്ചു. ഇതിനിടെ അമ്മയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെയും എംപിയെയും എല്ലാം ഭവാനിയുടെ മകൾ ഹരിഷ്മ കണ്ട് അപേക്ഷ നൽകാനും ശ്രമിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ പോയി നിന്ന് മന്ത്രിമാരെ കാണാനാകാതെ മടങ്ങിപ്പോരുകയായിരുന്നു. വിവരമറിഞ്ഞ് കൈരളി പീപ്പിൾ ടിവിയാണ് ഹരിഷ്മയുടെ കണ്ണുനീരിന്റെ കഥ ജനങ്ങളെ അറിയിക്കുന്നത്. വി ജി മിനീഷ് കുമാർ പീപ്പിളിന്റെ പത്തനംതിട്ട റിപ്പോർട്ടർ ആയിരിക്കുമ്പോഴാണ് വാർത്ത നൽകിയത്.

വാർത്ത ശ്രദ്ധയിൽപ്പെട്ട ഡൽഹിയിലെ മലയാളി മാദ്ധ്യമപ്രവർത്തകർ ഭവാനിയുടെ മോചനത്തിനായി മന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടു. ഇതോടെ സുഷമ എംബസിയെ ബന്ധപ്പെടുകയും ഭവാനിയുടെ മോചനം സാധ്യമാക്കുകയുമായിരുന്നു.

വി.ജി മിനീഷ് കുമാറിന്റെ റിപ്പോർട്ട് സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണെന്നു മന്ത്രി സുഷമ സ്വരാജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിദേശത്തേക്കു ജോലിക്കു പോകുന്നവർ ഒരിക്കലും സ്വകാര്യ ഏജൻസികളെ ആശ്രയിക്കരുതെന്നും സർക്കാർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാത്രമേ വിദേശത്തു പോകാവു എന്നും സുഷമ സ്വരാജ് ഓർമിപ്പിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് അടുത്തുതന്നെ പ്രത്യേക ഉത്തരവ് ഇറക്കുമെന്ന സൂചനയും സുഷമ സ്വരാജ് നൽകി.