മംഗലാപുരം: കേന്ദ്രത്തിൽ അതിവേഗ ഇടപെടൽ നടക്കുന്ന ഒരു വകുപ്പുണ്ടെങ്കിൽ അത് സുഷമ സ്വരാജിന്റെ വിദേശകാര്യ മന്ത്രാലയമാണ്. സൗദി തൊഴിൽ പ്രശ്‌നത്തിൽ അടക്കം സുഷമയുടെ ഇടപെടൽ പ്രവാസികൾക്ക് ഏറെ ഗുണകരമായിരുന്നു. ഇത് കൂടാതെ സോഷ്യൽ മീഡിയയെയും ഫലപ്രദമായി ഉപയോഗിച്ച് വിദേശകാര്യമന്ത്രി ജനങ്ങൾക്ക് ഗുണപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇങ്ങനെ സുഷമയുടെ ഇടപെടൽ കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ അവസരം ഒരുങ്ങിയ ദമ്പതികളുടെ കഥ വൈറലാകുകയാണ്.

മംഗലാപുരം സ്വദേശികളാ ഫൈസാനും ഭാര്യ സനയ്ക്കുമാണ് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ സഹായകമായത്. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയാക്കി പണികിട്ടിയപ്പോൾ പണി കിട്ടിയത് പാസ്‌പോർട്ടിലൂടെയായിരുന്നു. പറക്കാൻ നേരം നോക്കിയപ്പോൾ സനയുടെ പാസ്‌പോർട്ട് കാണാനില്ല. ഒടുവിൽ മുൻ തീരുമാനിച്ച യാത്രയ്ക്ക് ഫൈസാന് ഒറ്റയ്ക്ക് പറക്കേണ്ടിവന്നു. വിമാനത്തിലെ സനയ്ക്ക് അനുവദിച്ച സീറ്റിൽ സനയുടെ ചിത്രം വച്ചിരിക്കുന്ന ഫൈസാന്റെ ചിത്രം കഴിഞ്ഞദിവസം ലോകമാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇക്കാര്യം ഫൈസാൻ ട്വീറ്റ് ചെയ്തതോടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായതും സനയ്ക്കു പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതും.

ഇറ്റലിയിലേക്കാണ് ഇരുവരും ഹണിമൂൺ പദ്ധതിയിട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. ഈ മാസം നാലിന് പറക്കാൻ നോക്കുമ്പോൾ സനയുടെ പാസ്‌പോർട്ട് കാണാനില്ല. ഒരു മാസം മുമ്പു മാത്രമാണ് ഇരുരുവരും പാസ്‌പോർട്ട് എടുത്തത്. പാസ്‌പോർട്ട് കാണാതായതോടെ തനിച്ചു പോകാൻ ഫൈസാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ കൂടെയില്ലാത്തതിന്റെ വിഷമം ഫൈസാൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ട്വീറ്റ് കണ്ട സുഷ്മ സ്വരാജ് സനയോടു തന്നെ ഓഫീസിൽ വന്നു കാണാൻ പറയുകയായിരുന്നു. ഇന്നലെ ഓഫീസിലെത്തി സുഷ്മയെ കണ്ട സനയ്ക്ക് പാസ്‌പോർട്ടും പുതിയ വിസയും ലഭിക്കാൻ അവസരം ഒരുങ്ങുകയുമുണ്ടായി. ഒരു മാസത്തേക്കു വിദേശ യാത്രയാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. പാസ്‌പോർട്ടിനും പുതിയ വിസയ്ക്കും വഴിയൊരുങ്ങിയതോടെ സന ഉടൻ ഫൈസാനൊപ്പം ചേരുമെന്ന് സുഷ്മ സ്വരാജ് ട്വീറ്റ് ചെയ്യുകയും ചെയ്തു. സന വിസയ്ക്കായി അപേക്ഷിച്ചതടക്കമുള്ള കാര്യങ്ങളും തൽസമയം ഫൈസാൻ ട്വീറ്റ് ചെയ്യുന്നുണ്ടായിരുന്നു.