ന്യൂഡൽഹി: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സുശീൽ കുമാറിന്റെയും സഹായി അജയ്യുടെയും പൊലീസ് കസ്റ്റഡി ഡൽഹി രോഹിണി കോടതി നാലു ദിവസം കൂടി നീട്ടി. ആദ്യം ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട സുശീലിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡൽഹി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ചാണ് കോടി നാലു ദിവസം കൂടി കസ്റ്റഡി നീട്ടിയത്.

സുശീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലിസ് കസ്റ്റഡി നീട്ടിയതിനൊപ്പം എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു. പൊലീസ് കസ്റ്റഡിക്കിടെ അഭിഭാഷകനെ കാണാനും സുശീലിന് കോടതി അനുമതി നൽകി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസിന് നാലു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡൽഹി ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗുസ്തി താരമായ ബിന്ദർ എന്ന വിജേന്ദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിന് ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സുശീലിനൊപ്പം സാഗറിനെ മർദ്ദിച്ചവരിൽ ഒരാളാണ് വിജേന്ദറെന്ന് പൊലിസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സുശീൽ കുമാറും സംഘവും സാഗർ റാണയെ മർദ്ദിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വടികൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശീൽകുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ഭയപ്പെടുത്താൻ വേണ്ടിയാണ് ഇവർ മർദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സാഗർ റാണ നിലത്തുവീണു കിടക്കുന്നതും വടിയുമായി സുശീൽകുമാറും സംഘവും ചുറ്റും നിൽക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഈ മാസം നാലിന് വാടക വീടൊഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഛത്രാസൽ സ്റ്റേഡിയത്തിൽ വച്ചാണ് സാഗർ റാണക്കും സുഹൃത്തുക്കളായ രണ്ടുപേർക്കും സുശീൽകുമാറിന്റെയും സംഘത്തിന്റെയും മർദ്ദനമേൽക്കുന്നത്.

പരിക്കേറ്റ സാഗർ പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു. ഇതിന് ശേഷം ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ പഞ്ചാബിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടിയ സുശീൽ കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും നേടിയിട്ടുണ്ട്.