ന്യൂഡൽഹി: സഹ താരത്തെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഒളിമ്പ്യനും ഗുസ്തി താരവുമായ സുശീൽ കുമാർ കോടതിയെ സമീപിച്ചു. കായികതാരമായ തനിക്ക് പ്രത്യേക ഭക്ഷണവും വ്യായാമത്തിന് മുൻപുള്ള സപ്‌ളിമെന്റുകളും ഒമേഗ 3 ക്യാപ്സ്യൂളുകളും മൾട്ടി വിറ്റാമിൻ ഗുളികകളും വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ബാന്റുകളും വേണമെന്നാണ്‌ സുശീലിന്റെ ആവശ്യം.

എന്നാൽ ഇവയെല്ലാം ജയിലിൽ ലഭിക്കണമെന്നുള്ളത് താരത്തിന്റെ ആഗ്രഹങ്ങൾ മാത്രമാണെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. അത്യാവശ്യമായ സാധനങ്ങളല്ല. ജയിലിൽ പ്രതിദിനം നൽകുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കുറവുണ്ടെന്നോ കുഴപ്പമുണ്ടെന്നോ പരാതിക്കാരൻ പറഞ്ഞിട്ടില്ല. ആവശ്യമായതും ആരോഗ്യകരവുമായ ഭക്ഷണവുമാണ് സുശീലിന് ഡൽഹി ജയിലിൽ നൽകുന്നതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.ഒരു സഹ താരത്തെ കൊലപ്പെടുത്തിയ സുശീലിന് എന്തെങ്കിലും രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അവസ്ഥയും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമം എല്ലാവർക്കും തുല്യമായിരിക്കണമെന്നും എല്ലാവരെയും തുല്യമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു.

ഡൽഹി മണ്ഡോലി ജയിലിൽ കഴിയുന്ന സുശീലും സുഹത്തും ചേർന്ന് സഹ താരവും ഇന്ത്യയുടെ ജൂനിയർ ഗുസ്തി ചാമ്പ്യനുമായിരുന്ന സാഗർ ധൻകറിനെ തർക്കത്തെ തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതിനാണ് അറസ്റ്റിലായത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള മികച്ച കായികതാരമാണ് സുശീൽ കുമാർ.

കൊലയ്ക്ക് ശേഷം മൂന്നാഴ്ച കഴിഞ്ഞ് മെയ്‌ 23നായിരുന്നു ഡൽഹി പൊലീസിന് സുശീലിനെ പിടികൂടാനായത്. ജയിലിൽ പ്രത്യേക സെല്ലിൽ വലിയ സുരക്ഷാ സന്നാഹത്തോടെയാണ് സുശീലിനെ പാർപ്പിച്ചിരിക്കുന്നത്. ഇയാളെ കാണാൻ ആർക്കും അനുവാദമില്ല.