- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകക്കേസ്: ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ; പിടിയിലായത് പഞ്ചാബിൽ നിന്ന്; അറസ്റ്റ് സുശീൽ കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയതിന് പിന്നാലെ; സുശീലിനെ പ്രതിചേർത്തത് പരുക്കേറ്റ ഗുസ്തിതാരത്തിന്റെ മൊഴിയെ തുടർന്ന്; കൊലപാതക കേസിൽ ഒളിമ്പ്യൻ ശോഭ മങ്ങുമ്പോൾ
ന്യൂഡൽഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്. മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീൽ ഒളിവിൽ പോയിരിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ സുശീൽ കുമാർ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. അറസ്റ്റ് ഒഴിവാക്കാനായി സുശീൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
സുശീൽകുമാറും ആക്രമണത്തിനുണ്ടായിരുന്നുവെന്ന് പരുക്കേറ്റ ഗുസ്തിതാരം മൊഴി നൽകിയതിനെത്തുടർന്നാണ് പ്രതി ചേർത്തത്. പരുക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പറഞ്ഞത്. പ്രിൻസിനെ നേരത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 2 ഇരട്ടക്കുഴൽ തോക്ക്, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത 2 എസ്യുവികൾ ഹരിയാനയിലെ ഗുണ്ടാ സംഘത്തലവൻ നവീൻ ബാലിയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. പ്രിൻസിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തിയത് പുറത്തു നിന്നുള്ളവരാണെന്ന് സുശീൽ കുമാർ വാർത്താ ഏജൻസിയോടു പറഞ്ഞിരുന്നു.
പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലും അക്രമികൾ പുറത്തുനിന്നുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുശീൽ കുമാറിനെ വിളിപ്പിച്ചെങ്കിലും എത്താതിരുന്നതിനെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രിൻസിന്റെ മൊബൈൽ ഫോണിൽ നിന്ന് അക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതായും ആരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
ജൂനിയർ ചാംപ്യൻ സാഗർ റാണയാണ് കൊല്ലപ്പെട്ടത്. സോനു മഹൽ, അമിത് എന്നിവർക്കു പരുക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു പുറത്തെ പാർക്കിങ് സ്ഥലത്ത് സംഘർഷമുണ്ടായത്. ഡൽഹി സർക്കാരിൽ സ്പോർട്സ് ഓഫിസറായ സുശീൽ കുമാറിന്റെ ഓഫിസും ഈ സ്റ്റേഡിയത്തിലാണ്.
ജൂനിയർ താരങ്ങളായ സാഗർ, അമിത്, സോനു എന്നിവരും റോത്തക്ക് സർവകലാശാല വിദ്യാർത്ഥിയായ പ്രിൻസ് ദലാൽ, അജയ്, സുശീൽ കുമാർ എന്നിവരുമായി വാക്കു തർക്കവും സംഘട്ടനവുമുണ്ടായി. സ്റ്റേഡിയത്തിനു സമീപം സുശീലിന്റെ പരിചയത്തിലുള്ള വീട്ടിലെ താമസക്കാരാണ് പ്രിൻസും അജയുമെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സാഗർ പിന്നീട് ആശുപത്രിയിൽ മരിച്ചു.
ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ നടന്ന കൈയാങ്കളിക്കിടെ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സാഗർ കൊല്ലപ്പെട്ടത്.
2008 ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടിയ താരമാണ് സുശീൽകുമാർ.
മറുനാടന് മലയാളി ബ്യൂറോ